മുംബൈ: ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരി കൈമാറിയെന്ന് സംശയിക്കുന്ന മലയാളി യുവാവും അറസ്റ്റില്‍. ആര്യന്‍ ഖാന്റെ സുഹൃത്ത് ശ്രേയസ് നായരെയാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു.
ലഹരി പാര്‍ട്ടിയ്ക്ക് പിന്നാലെ മുംബൈയിലും ബാന്ദ്രയിലും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പരിശോധന ശക്തമാക്കി. കോര്‍ഡീലിയ കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടയില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ നാല് വര്‍ഷമായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്നാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍.
ആഡംബര കപ്പലിലെ പാര്‍ട്ടിക്കായി ലഹരി എത്തിച്ച ആളെയും ആര്യന്‍ ഖാനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഒരു ദിവസമാണ് മുംബൈ കോടതി നല്‍കിയത്. ഇത് അവസാനിക്കുന്നതോടെ വൈകിട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കും.
ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ കസ്റ്റഡി നീട്ടാന്‍ എന്‍സിബി അപേക്ഷ നല്‍കും. അല്ലെങ്കില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ആവശ്യപ്പെടും. ഷാരൂഖ് ഖാനുമായി സംസാരിക്കാന്‍ ആര്യന്‍ ഖാന് എന്‍സിബി രണ്ട് മിനുട്ട് സമയം അനുവദിച്ചു.
മുംബൈയിലെ ആഡംബര കപ്പലില്‍ നിന്നും 1.33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി എന്‍സിബി കോടതിയെ അറിയിച്ചു. 13 ഗ്രാം കൊക്കെയ്‌നും 21 ഗ്രാം ചരസും 22 എംഡിഎംഎ ഗുളികകളും അഞ്ച് ഗ്രാം എംഡിയുമാണ് പിടിച്ചെടുത്തതെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.
ബോളിവുഡ്, ഫാഷന്‍, ബിസിനസ് മേഖലകളിലെ ആളുകളുമായി മൂന്ന് ദിവസത്തെ ‘സംഗീത യാത്ര’യ്ക്കായി പുറപ്പെട്ട കോര്‍ഡീലിയ ആഡംബര കപ്പലിലാണ് എന്‍സിബി സംഘം റെയ്ഡ് നടത്തിയത്. ആര്യന്‍ ഖാന്റെ ലെന്‍സ് കെയ്‌സില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ആര്യനും സുഹൃത്തുക്കളും ലഹരിമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുണ്ടെന്നും എന്‍സിബി കോടതിയില്‍ പറഞ്ഞു.