മുംബൈ: മുംബൈ തീരത്ത് ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിയിൽ എൻസിബി(നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ)യുടെ റെയ്ഡ്. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോർഡിലിയ ക്രൂയിസ് കപ്പലിൽ ശനിയാഴ്ച കപ്പലിൽ നടന്ന പാർട്ടിക്ക് ഇടയിലായിരുന്നു എൻസിബിയുടെ റെയ്ഡ്. യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറിയ അന്വേഷണ സംഘമാണ് റെയ്ഡ് നടത്തിയത്. എട്ടുപേരാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടയിൽ പിടിയിലായത്. എൻസിബി റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്.
ബോളിവുഡ് സൂപ്പർ താരത്തിന്റെ മകനും പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്നാണ് സൂചന. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനാണ് പിടിയിലായതെന്ന് ദേശീയ മാധ്യമങ്ങളിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പിടികൂടിയവർക്ക് എതിരെ കേസ് ചാർജ് ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യൽ തുടരുകയാണ് എന്നുമാണ് വിവരം.
നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് പ്രകാരം കുറ്റം ചുമത്തി അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറിയത്. കപ്പൽ മുംബൈ തീരത്തുനിന്ന് നടുക്കടലിൽ എത്തിയപ്പോൾ റേവ് പാർട്ടി ആരംഭിച്ചു. എൻസിബി ഉദ്യോഗസ്ഥർ ഉടൻ നടപടി ആരംഭിക്കുകയും ചെയ്തു.
റെയ്ഡ് ഏഴുമണിക്കൂർ നീണ്ടുനിന്നു.ഒക്ടോബർ 2 മുതൽ നാല് വരൊണ് കപ്പലിൽ പാർട്ടി നടത്താൻ നിശ്ചയിച്ചിരുന്നത്. സംഗീത പരിപാടി എന്ന നിലയിലാണ് ഇത് സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സഹകരണത്തിൽ ഫാഷൻ ടിവിയാണ് സംഗീത പരിപാടി സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.