മുംബൈ: ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയായി ഗൗതം അദാനി. അഞ്ച് ലക്ഷം കോടി രൂപയുടെ ആസ്തിയുമായാണ് ഗൗതം അദാനി ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായത്.
റിലയൻസ് ചെയർമാൻ മുകേഷ് അംബാനി തുടർച്ചയായി പത്താമത്തെ വർഷവും ഒന്നാംസ്ഥാനം നിലനിർത്തി. 7.18 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി.
രാജ്യത്തെ 1000ത്തിലധികംപേർ 1000 കോടിയിലേറെ ആസ്തി സ്വന്തമാക്കിയെന്നും ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 237 ആകുകയുംചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 58 പേരാണ് പുതിയതായി ഈഗണത്തിൽ ഉൾപ്പെട്ടത്.
119 നഗരങ്ങളിലായി 1,007 വ്യക്തികൾക്കാണ് 1000 കോടി രൂപയിലേറെ ആസ്തിയുള്ളത്. മുൻനിരയിലുള്ള 894 പേരുടെ സമ്പത്തിൽ വർധനവുണ്ടായി. ഇതിൽ 229 പേർ പുതുമുഖങ്ങളാണ്. 113 പേരുടെ ആസ്തിയിൽ ഇടിവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.