ന്യൂഡല്‍ഹി : ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയരുതെന്ന് ഡല്‍ഹി,ഗാസിയാബാദ് നിവാസികളോട് വ്യോമസേന. വെള്ളിയാഴ്ച തുടങ്ങുന്ന വ്യോമസേനയുടെ വ്യോമാഭ്യാസ പരിശീലനത്തിന് തടസ്സം സൃഷ്ടിക്കാന്‍ ഇതുവഴി പക്ഷികളെത്തുമെന്നതിനാലാണ് നിര്‍ദേശം.
ഇനിയുള്ള ദിവസങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുന്നത് വലിച്ചെറിയുന്നത് വഴി പക്ഷികളെത്തുന്നത് പരിശീലനപ്പറക്കലുകള്‍ക്ക് വലിയ ഭീഷണിയാണെന്നാണ് വ്യോമസേന അറിയിച്ചിരിക്കുന്നത്. വ്യോമാഭ്യാസങ്ങള്‍ക്കിടയില്‍ താഴ്ന്ന് പറക്കുന്ന പക്ഷികള്‍ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവാറുണ്ടെന്നും അതിനാല്‍ പൈലറ്റുമാരുടെയും ജനങ്ങളുടെയും സുരക്ഷയെ കരുതിയാണ് തങ്ങള്‍ ഇത്തരമൊരു അഭ്യര്‍ഥന നടത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.പൊതുസ്ഥലങ്ങളില്‍ മൃഗങ്ങളോ മറ്റോ ചത്ത് കിടക്കുന്നത് കണ്ടാല്‍ ഉടന്‍ തന്നെ സമീപത്തെ വ്യോമസേന കേന്ദ്രത്തിലോ പോലീസ് സ്‌റ്റേഷനിലോ അറിയിച്ച് അവയെ സംസ്‌കരിക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നും വ്യോമസേനയുടെ നിര്‍ദേശത്തിലുണ്ട്.
ഒക്ടോബര്‍ 8നാണ് എല്ലാ വര്‍ഷവും വ്യോമസേന ദിനം ആചരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 8ന് രാവിലെ 8മണിക്ക് സ്‌കൈ ഡ്രൈവര്‍മാര്‍ നടത്തുന്ന കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസത്തോടെയാണ് പരിപാടിക്ക് തുടക്കമാവുക.വ്യോമസേനയുടെ ഹെറിറ്റേജ് വിമാനങ്ങള്‍, മോഡേണ്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നിവ വ്യോമാഭ്യാസത്തിന്റെ ഭാഗമാവും.പ്രദര്‍ശനം 10.52ന് അവസാനിക്കും.