ന്യൂഡൽഹി: സോഷ്യൽമീഡിയിൽ അടുത്ത ദിനങ്ങളിൽ വൈറലായ ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ ‘മോഡി’ സ്പെഷ്യൽ എഡിഷൻ വ്യജമെന്ന് തെളിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാഴ്ത്തി തങ്ങൾ സ്പെഷ്യൽ എഡിഷൻ ഇറക്കിയിട്ടില്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന പത്രക്കട്ടിങ് വ്യാജമാണെന്നുമാണ് പത്രം തന്നെ വിശദീകരിച്ചിരിക്കുന്നത്.
ബിജെപി അനുയായികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ചിത്രമാണ് വ്യജമെന്ന് പത്രം തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 26 ഞായറാഴ്ചത്തെ ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ ഒന്നാം പേജ് എന്ന പ്രചരണത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം സംഘപരിവാർ അനുകൂലികൾ വൈറലാക്കിയത്.
മോഡിയെക്കുറിച്ചുള്ള വാർത്തയായിരുന്നു പത്രത്തിൽ ഉണ്ടായിരുന്നത്. ‘ഭൂമിയുടെ അവസാനത്തെ, മികച്ച പ്രതീക്ഷ’എന്ന തലക്കെട്ടും വാർത്തക്ക് മാറ്റുകൂട്ടി. ‘ലോകത്തെ ഏറ്റവും സ്നേഹിക്കപ്പെടുന്ന കരുത്തനായ നേതാവ് നമ്മളെ അനുഗ്രഹിക്കാൻ എത്തിയിരിക്കുന്നു’ എന്ന ഉപതലക്കെട്ടും മോഡിയുടെ വലിയ ചിത്രത്തിനൊപ്പമുള്ള വാർത്തക്ക് നൽകിയിരുന്നു.
എന്നാൽ, ‘ഇത് പൂർണ്ണമായും കെട്ടിച്ചമച്ച ചിത്രമാണ്’എന്നാണ് ന്യൂയോർക് ടൈംസ് ചിത്രം പങ്കുവച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചത്. മോഡിയെപറ്റിയുള്ള യഥാർഥ വാർത്തകളുടെ ലിങ്കും അവർ പങ്കുവച്ചിട്ടുണ്ട്. മുമ്പ് ഇന്ത്യയിലെ മാധ്യമങ്ങൾ നടത്തിയ ഫാക്ട് ചെക്കിൽതന്നെ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
Discussion about this post