ന്യൂഡല്‍ഹി : ഉത്തരാഖണ്ഡില്‍ നൂറിലധികം വരുന്ന ചൈനീസ് സൈനികര്‍ അതിര്‍ത്തി കടന്നുകയറിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് കടന്ന സൈനികര്‍ ഒരു പാലത്തിന് കേടുപാടുണ്ടാക്കിയ ശേഷമാണ് തിരിച്ചുപോയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ)യുടെ സൈനികരാണ് കടന്നുകയറ്റം നടത്തിയതെന്നാണ് വിവരം. തുന്‍ജന്‍ ല പാസ്സിലൂടെ അഞ്ച് കിലോമീറ്ററോളം ഉള്ളിലേക്ക് കയറിയ ഇവര്‍ക്കൊപ്പം 55 കുതിരകളും ഉണ്ടായിരുന്നു. മൂന്ന് മണിക്കൂറോളമാണ് ഇവര്‍ അതിര്‍ത്തിക്കപ്പുറം തുടര്‍ന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഐടിബിപി ഉദ്യോഗസ്ഥരും ഇന്ത്യന്‍ സൈനികരും എത്തുമ്പോഴേക്കും സൈനികര്‍ തിരിച്ചുപോയിരുന്നു. ഉത്തരാഖണ്ഡില്‍ 350 കിലോമീറ്ററിനടുത്ത് വരുന്ന അതിര്‍ത്തിയില്‍ ഐടിബിപി ഉദ്യോഗസ്ഥരാണ് കാവല്‍.
ഇപ്പോള്‍ കടന്നുകയറ്റം നടന്നിരിക്കുന്ന ബരാഹോട്ടിയിലെ അതിര്‍ത്തിപ്രദേശം ചെറിയ കടന്നുകയറ്റങ്ങളൊഴിച്ചാല്‍ കാര്യമായ പ്രശ്‌നങ്ങളില്ലാതിരുന്ന മേഖലയാണ്. 1954ല്‍ ഈ മേഖലയിലൂടെയാണ് ചൈന രാജ്യത്തേക്ക് കടന്നുകയറിയത്. ഇത് മറ്റിടങ്ങളിലും വ്യാപിക്കുകയും 1962ലെ യുദ്ധത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. നന്ദാദേവി ദേശീയോദ്യാനത്തിന്റെ വടക്കന്‍ പ്രദേശത്താണ് ബരാഹോട്ടി പ്രദേശം.