ന്യൂഡൽഹി: സിപിഐ കേന്ദ്ര നിർവാഹക സമിതിയംഗവും ജെഎൻയു സമരനായകനുമായിരുന്ന കനയ്യ കുമാറും ഗുജറാത്തിലെ ദളിത് നേതാവും എംഎൽഎയുമായ ജിഗ്നേഷ് മേവാനിയും ഇന്ന് കോൺഗ്രസിൽ ചേരും. ഇരുവരുടേയും കോൺഗ്രസ് പ്രവേശനം മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കും. രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബെഗുസരായിയിൽ നിന്നും സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച കനയ്യ കുമാർ പിന്നീട് പാർട്ടിയോട് ഇടയുകയായിരുന്നു. തെരഞ്ഞെടുപ്പിലെ ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ്, പാറ്റ്‌ന ഓഫീസ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം അങ്ങനെ പാർട്ടിയുടെ അനിഷ്ടവും ഏറ്റുവാങ്ങി.
കോൺഗ്രസുമായി സഹകരിക്കുന്ന ദളിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്‌നേഷേ് മേവാനിയുമായുള്ള സൗഹൃദമാണ് ബദൽ കോൺഗ്രസ് എന്ന ചിന്തയിലേക്ക് കനയ്യയെ നയിച്ചത്. കോൺഗ്രസ് ഗുജറാത്ത് വർക്കിംഗ് പ്രസിഡന്റ് ഹാർദ്ദിക് പട്ടേൽ മധ്യസ്ഥനായാണ് ചർച്ച നടത്തിയത്. രാഹുൽഗാന്ധിയും, പ്രിയങ്കഗാന്ധിയുമായി കൂടിക്കാഴ്ചകൾ നടത്തി. കോൺഗ്രസിലേക്ക് ഉടൻ എത്താനിരിക്കുന്ന പ്രശാന്ത്കിഷോറും ചർച്ചകളുടെ ഭാഗമായി. അങ്ങനെയാണ് കനയ്യ കുമാറും, ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക് എത്തിയിരിക്കുന്നത്.