മുംബൈ : രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി രണ്ട് ലക്ഷം ഗ്രാമങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിനായി ആറ് മാസത്തിനകം 2,500 പേരെ പുതുതായി നിയമിക്കും.
ശാഖകള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ എന്നിവ ഉള്‍പ്പെടുത്തി രണ്ട് വര്‍ഷത്തിനകം പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ മൂന്നിലൊന്ന് ഗ്രാമങ്ങളിലെങ്കിലും സാന്നിധ്യമുറപ്പാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.നിലവില്‍ 550ലേറെ ജില്ലകളില്‍ ബാങ്കിന്റെ സേവനം ലഭ്യമാണെന്നും എല്ലാ പിന്‍കോഡുകളിലും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഗ്രൂപ്പ് ഹെഡ് (കൊമേഷ്യല്‍ ആന്‍ഡ് റൂറല്‍ ബാങ്കിങ്ങ്) രാഹുല്‍ ശുക്ല പറഞ്ഞു.
രാജ്യത്തെ വിവിധ ജില്ലകളില്‍ ഇനിയും ബാങ്കിങ്ങ് സേവനങ്ങള്‍ എത്താനുണ്ടെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയതിന് തൊട്ടുപിന്നാലെയാണ് ബാങ്കിന്റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അതേ വലിപ്പത്തിലുള്ള നാല് ബാങ്കുകള്‍ കൂടി വേണമെന്നായിരുന്നു ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ 74മത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നിര്‍മല അറിയിച്ചത്. രാജ്യത്തെ അതിവേഗം വളരുന്ന സാമ്പത്തിക ഘടനയുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഡിജിറ്റലൈസേഷന്റെ വളര്‍ച്ച ഉള്‍ക്കൊള്ളാനും കഴിയേണ്ടതുണ്ടെന്ന് ഇതിന് കാരണമായി മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post