ന്യൂഡല്‍ഹി : ‘തുക്‌ഡേ തുക്‌ഡേ ഗ്യാങ്ങിനെ’ പിന്തുണയ്ക്കുന്നവരാണ് പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് എന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെ ആമസോണിനെ ഈസ്റ്റ് ഇന്ത്യ കമ്പനിയോട് ഉപമിച്ച് ആര്‍എസ്എസ് മാസിക പാഞ്ചജന്യ. മാസികയുടെ പുതിയ ലക്കത്തിലെ കവര്‍ സ്റ്റോറിയിലാണ് പരാമര്‍ശം.
ആമസോണ്‍ തങ്ങളുടെ വീഡിയോ പ്ലാറ്റ്‌ഫോമായ പ്രൈമിലൂടെ ഹൈന്ദവ മൂല്യങ്ങളെ തകര്‍ക്കുന്നു എന്നാണ് ലേഖനം ആരോപിക്കുന്നത്.ആദ്യം ഇന്ത്യന്‍ സംസ്‌കാരത്തെ ആക്രമിക്കുകയും പിന്നീട് മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രീതി തന്നെയാണ് ആമസോണും പിന്തുടരുന്നതെന്നും ലേഖനത്തിലുണ്ട്.
“യഥാര്‍ഥത്തില്‍ ആമസോണിനും വേണ്ടത് ഇന്ത്യന്‍ വിപണിയുടെ കുത്തകാവകാശമാണ്. അതിനായി അവര്‍ ഈ രാജ്യത്തെ ജനങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, വ്യക്തി സ്വാതന്ത്ര്യങ്ങളെ ക്കൈകലാക്കാനുള്ള ശ്രമത്തിലാണ്. ഓണ്‍ലൈന്‍ വ്യാപാര മേഖല കീഴടക്കാനായി കടലാസ് കമ്പനികളെ രംഗത്തിറക്കുന്നതായും നയങ്ങള്‍ തങ്ങള്‍ക്കനുകൂലമായി മാറ്റാന്‍ കൈക്കൂലി നല്‍കുന്നതായും പ്രൈം വീഡിയോ വഴി ഹിന്ദു മൂല്യങ്ങള്‍ക്കെതിരായ പരിപാടികള്‍ നല്‍കുന്നതായും കമ്പനിക്കെതിരെ ആരോപണമുണ്ട്.”
“ഹിന്ദു വിരുദ്ധ പരിപാടികള്‍ കമ്പനി അതിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം വീഡിയോ വഴി നല്‍കിയതിന് കേന്ദ്ര സര്‍ക്കാരുകളും വിവിധ സംസ്ഥാന സര്‍ക്കാരുകളും നടപടിയെടുത്തതോടെ കമ്പനിക്ക് മാപ്പ് പറയേണ്ടി വന്നു. കുടുംബ മൂല്യങ്ങളെ ആക്രമിക്കുകയും ഹിന്ദു ദൈവങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന പരിപാടികള്‍ പ്രൈ വീഡിയോ നിരന്തരം പ്രദര്‍ശിപ്പിക്കുന്നതായി നിരവധി പേര്‍ ആരോപണമുന്നയിച്ചിട്ടുണ്ട്.” ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പറയുന്നു.
ആമസോണിന്റെ ഭാഗത്ത് നിന്ന് ക്രിസ്തുമതം പ്രചരിപ്പിക്കുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അത് രണ്ട് ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നുവെന്ന് അറിയേണ്ടത് പ്രധാനമാണെന്നും ലേഖനത്തിലുണ്ട്.