ന്യൂഡല്‍ഹി : മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ തിരിച്ചെത്തി. അമേരിക്ക തിരിച്ചുനല്‍കിയ ഇന്ത്യയുടെ 157 പുരാവസ്തുക്കളുമായാണ് മോഡിയുടെ മടക്കം.
സാംസ്കാരിക വസ്തുക്കളുടെ മോഷണം, അനധികൃത വില്പന, കടത്ത് എന്നിവ തടയാനുള്ള ഇന്ത്യ-അമേരിക്ക ധാരണയുടെ ഭാഗമായിട്ടാണ് പുരാവസ്തുക്കളുടെ കൈമാറ്റം. ലക്ഷ്മി നാരായണ, ബുദ്ധ, വിഷ്ണു, ശിവപാര്‍വ്വതി, തീര്ഥങ്കരന്മാര്, നടരാജന് എന്നിവരുടെ വെങ്കലരൂപങ്ങള്‍ കൈമാറ്റം ചെയ്ത വസ്തുക്കളില്‍ ഉള്‍പ്പെടുന്നതായി സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 11-14 നൂറ്റാണ്ട് കാലയളവില്‍ ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടവയോ അനധികൃതമായി കടത്തിയവയോ ആണിവ. പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ് നടരാജ വിഗ്രഹം.
2019ല്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരം ന്യൂയോര്‍ക്ക് സന്ദര്‍ശിച്ച ഇന്ത്യന്‍ ആര്ക്കിയോളജസിറ്റുകളുടെ സംഘം ഇവ തിരിച്ചറിയുകയും തമിഴ്നാട്ടിലെയും മധ്യപ്രദേശിലെയും ക്ഷേത്രങ്ങളില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കടത്തിയതാണിവയെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പുരാവസ്തുക്കളുടെ കൂട്ടത്തില്‍ ഒഹൈയോയിലെ ടൊളെഡോ മ്യൂസിയത്തിന് ഇത്തരം വസ്തുക്കളുടെ അനധികൃത കടത്തലിന് പേര് കേട്ട സുഭാഷ് കപൂര്‍ സമ്മാനിച്ച 56 ടെറക്കോട്ട ശില്പങ്ങളും ഉണ്ട്.
അതേസമയം യുഎസില്‍ നിന്ന് തിരിച്ചെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണമാണ് ബിജെപി നേതാക്കള്‍ ഒരുക്കിയത്. ഷാളണിയിച്ചും പൂച്ചെണ്ട് നല്‍കിയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമായിരുന്നു ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, ആരോഗ്യമന്ത്രി ഹര്ഷവര്ധന് എന്നിവരുള്‍പ്പടെയുള്ളവരുടെ സംഘം മോഡിക്ക് നല്കിയ സ്വീകരണം.
Discussion about this post