തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റ് 95 കി.മീ വേഗതയോടെ തീരം തൊട്ടു. അടുത്ത മണിക്കൂറുകളിൽ പൂർണ്ണമായും കരയിൽ പ്രവേശിക്കും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കലിംഗ പട്ടണത്തിനും ഗോപാലപൂരിനും ഇടയിലാണ് കരയിലേക്ക് പ്രവേശിക്കുന്നത്.
ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവാത്താൽ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. മണിക്കൂറിൽ 50 കീ.മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇന്നും നാളെയും കേരളാതീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതും വിലക്കിയിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
അതേസമയം, നിലവിലെ സ്ഥിതിയിൽ ചൊവ്വാഴ്ച വരെ കേരളത്തിൽ മഴ തുടരുമെന്നാണ് അറിയിപ്പ്. ഗുലാബിന്റെ സ്വാധീനം തീർന്നാലുടൻ തന്നെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. ഒരു ചുഴലിക്കാറ്റും മൂന്ന് ന്യൂനമർദ്ദവുമാണ് കഴിഞ്ഞ 26 ദിവസത്തിനിടെ ബംഗാൾ കടലിൽ രൂപപ്പെട്ടത്.
Discussion about this post