ന്യൂഡല്‍ഹി: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കല്പകം യെച്ചൂരി അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയിലെ ഗുരുഗ്രാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മൃതദേഹം മെഡിക്കല്‍ ഗവേഷണത്തിനായി ഡല്‍ഹി എയിംസിന് വിട്ടുനല്‍കി. ഭര്‍ത്താവ്: പരേതനായ സര്‍വ്വേശ്വര സോമയാജലു. മരുമകള്‍: സീമ ചിഷ്ടി (മുന്‍ റസിഡന്റ് എഡിറ്റര്‍, ഇന്ത്യന്‍ എക്സ്പ്രസ്, ഡല്‍ഹി).
മരണത്തില്‍ സിപിഎം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സഖാവ് സീതാറാം യെച്ചൂരിയോടും കുടുംബത്തിനോടും പാര്‍ട്ടി അനുശോചനം രേഖപ്പെടുത്തി. മരണാനന്തരം തന്റെ മൃതശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കണമെന്ന മാതൃകാപരമായ തീരുമാനം കല്‍പകം യെച്ചൂരി കൈക്കൊണ്ടിരുന്നുവെന്നും സിപിഎം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.