തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി രൂപപ്പെട്ടതിനാല്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി.
ഇന്ന് വൈകിട്ട് ആറ് മുതല്‍ രാത്രി പത്ത് മണി വരെയുള്ള നാല് മണിക്കൂര്‍ വൈദ്യുത ഉപഭോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബിയുടെ അഭ്യര്‍ത്ഥന.
കേന്ദ്ര പൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ 300 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് അപ്രതീക്ഷിത വൈദ്യുതി പ്രതിസന്ധിക്ക് കാരണം. പവര്‍ എക്സേഞ്ചില്‍ നിന്നും റിയല്‍ ടൈം ബേസിസില്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹിക്കാന്‍ ശ്രമം തുടരുകയാണെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാനാവത്തതിനാല്‍ കേന്ദ്രപൂളില്‍ നിന്നും കൂടംകുളം ആണവവൈദ്യുതി നിലയത്തില്‍ നിന്നുമുള്ള വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി കേരളത്തിന്റെ ദൈനംദിന വൈദ്യുതി ആവശ്യം നിറവേറ്റുന്നത്. ഈ വിഭാഗത്തില്‍ കേന്ദ്രപൂളില്‍ നിന്നും ലഭിക്കേണ്ട വൈദ്യുതിയിലാണ് ഇപ്പോള്‍ അപ്രതീക്ഷിതമായി തടസ്സം സംഭവിച്ചിരിക്കുന്നത്.
വൈകിട്ട് ആറ് മണി മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഈ നാല് മണിക്കൂറില്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചത്.
Discussion about this post