ന്യൂഡല്‍ഹി : സ്പെയിന് എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസില്‍ നിന്ന് ഗതാഗത വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ. ഇതിനായി 20,000 കോടിയിലധികം വരുന്ന കരാറിന് പ്രതിരോധമന്ത്രാലയം ഒപ്പിട്ടു.
കരാറായ 56 വിമാനങ്ങളില്‍ 40 എണ്ണം ഇന്ത്യയില്‍ തന്നെ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായി ചേര്‍ന്നാണ് നിര്‍മിക്കുക. എയര്‍ബസ് ഡിഫന്‍സിനെയും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിനെയും പ്രതിരോധ മന്ത്രാലയത്തിനെയും ടാറ്റ ട്രസ്റ്റ് ചെയര്മാന് രത്തന്‍ ടാറ്റ അഭിനന്ദിച്ചു. ഇന്ത്യയില്‍ വ്യോമയാന മേഖലയിലെ പദ്ധതികള്‍ക്ക് വാതില്‍ തുറക്കുന്നതാകും നീക്കമെന്നും ടാറ്റ ട്വിറ്ററില്‍ കുറിച്ചു.
Congratulations to Airbus Defence, Tata Advanced Systems Limited and the Indian Defence Ministry 🤝 @tataadvanced @indiandefence @AirbusDefence @TataCompanies pic.twitter.com/3pNvA4slMR
— Ratan N. Tata (@RNTata2000) September 24, 2021
ഇന്ത്യന്‍ വ്യോമസേനയുടെ അവ്രോ-748 വിമാനങ്ങള്‍ക്ക് പകരമായി 56 സി-295 എംഡബ്ള്യൂ വിമാനങ്ങളാണ് ഇന്ത്യ സ്വന്തമാക്കുക. കരാര്‍ പ്രകാരം 48 മാസത്തിനുള്ളില്‍ 16 വിമാനങ്ങള്‍ ഇന്ത്യക്ക് ലഭിക്കും. സ്വകാര്യ കമ്പനി കൈമാറുന്ന സാങ്കേതിക വിദ്യ പ്രകാരം ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. 40 വിമാനങ്ങളാണ് അടുത്ത പത്ത് വര്‍ഷത്തില്‍ ടാറ്റ കണ്‍സോര്‍ഷ്യം ഇന്ത്യയില്‍ നിര്‍മിക്കുക. കരാറിന് സെപ്റ്റംബര്‍ ആദ്യവാരം കേന്ദ്ര കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു.
1960കളിലാണ് ഇന്ത്യന്‍ വ്യോമസേന 56 അവ്രോ വിമാനങ്ങള്‍ സ്വന്തമാക്കിയത്. 2013 മേയില്‍ പുതിയ വിമാനങ്ങള്‍ക്കായി കേന്ദ്രം നീക്കം തുടങ്ങി. എയര്‍ബസിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും ബിഡിന് 2015 മേയില്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നെങ്കിലും അന്തിമ കരാര്‍ പിന്നെയും വൈകുകയായിരുന്നു. അഞ്ച് മുതല്‍ 10 ടണ്‍ ഭാരം വരെ വഹിക്കാന്‍ ശേഷിയുള്ള സി-295 എംഡബ്ല്യൂ വിമാനങ്ങളില്‍ നിന്ന് സൈനികരെയും ചരക്കുകളും പാരാഡ്രോപ് ചെയ്യാനുള്ള സൗകര്യമുണ്ട്.
Discussion about this post