ന്യൂഡല്‍ഹി : പാക്കിസ്ഥാനിലെ ഭീകരഗ്രൂപ്പുകളെ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. അമേരിക്കയുടെയും ഇന്ത്യയുടെയും സുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവര്‍ത്തനം തടയാന്‍ പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങണമെന്നും യുഎസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കമല ഹാരിസ് പറഞ്ഞു.
പതിറ്റാണ്ടുകളായി ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്നും ഭീകരവാദികള്‍ക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണ സസൂഷ്മം നിരീക്ഷിക്കുകയാണെന്നും അവര്‍ അറിയിച്ചു. മോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ ഭീകരവാദത്തില്‍ പാക്കിസ്ഥാന്റെ പങ്ക് അവിചാരിതമായി ചര്‍ച്ച ചെയ്യപ്പെടുകയായിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഭീകരവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ പാക്കിസ്ഥാന്റെ പങ്ക് കമല സ്വമേധയാ സമ്മതിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്വര്‍ധന്‍ ശ്രിംഗ്‌ള പറഞ്ഞു.
മോഡിയുമായി കമല ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. യുഎസിന്റെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്നറിയിച്ച കമല ഇന്ത്യ വാക്‌സീന്‍ കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അറിയിച്ചു. മോഡിയും കമലയും ആദ്യമായാണ് നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ക്വാല്‍കോം ഉള്‍പ്പടെ 5 വന്‍കിട യുഎസ് കമ്പനികളുടെ മേധാവികളുമായും ഇന്നലെ ചര്‍ച്ച നടത്തി.
ഇന്ത്യയില്‍ 5ജി സാങ്കേതികവിദ്യയിലും ഡിജിറ്റല്‍ ഇന്ത്യയുമായി ബന്ധപ്പെട്ട പദ്ധതികളിലും സഹകരിക്കാന്‍ താല്പര്യമുണ്ടെന്ന് ക്വാല്‍കോം സിഇഒ ക്രിസ്റ്റിയാനോ ആമൊന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു.