ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം അന്വേഷിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കാനൊരുങ്ങി സുപ്രീം കോടതി. ഇത് സംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ച ഉണ്ടായേക്കുമെന്ന് കോടതി അറിയിച്ചു.
മറ്റൊരു കേസില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ തന്നെയാണ് സമിതി രൂപീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. പെഗാസസില്‍ ഹര്‍ജിക്കാരനായ അഭിഭാഷകനോടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.”ഈ ആഴ്ച തന്നെ പെഗാസസ് വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വിദഗ്ധ സമിതിയില്‍ അംഗമാക്കാന്‍ ഞങ്ങളുദ്ദേശിച്ച ചിലര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മാറി. അതിനാലാണ് കാലതാമസം.” അദ്ദേഹം അറിയിച്ചു.
പെഗാസസ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയോ എന്ന ചോദ്യത്തിന് കേന്ദ്രം ഇതുവരെ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. അനധികൃതമായി പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് മാത്രമാണ് അറിയേണ്ടതെന്ന സെപ്റ്റംബര്‍ 13ന് ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്കാന് വിസമ്മതിക്കുന്നതില്‍ ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
എന്തൊക്കെ സോഫ്റ്റ് വെയര്‍ ആണ് ഉപയോഗിക്കുന്നതെന്ന് വെളിപ്പെടുത്തുന്നത് ഭീകരസംഘടനകളുള്പ്പടെയുള്ളവര്ക്ക് ഗുണം ചെയ്യുമെന്നും ഇതിനാലാണ് സത്യവാങ്മൂലം നല്കാന് കഴിയാത്തതെന്നുമായിരുന്നു സോളിസിറ്റര്‍ ജനറല്‍ വഴി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
Discussion about this post