ഗാന്ധിനഗര്‍: ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്ത്. പോര്‍ട്ട് തങ്ങളുടേതാണെങ്കിലും ഷിപ്പ്മെന്റുകള്‍ പരിശോധിക്കാറില്ലെന്നാണ് പ്രതികരണം.
”മയക്കുമരുന്നു വേട്ടയെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. ഞങ്ങള്‍ തുറമുഖത്തിന്റെ നടപ്പിക്കുകാര്‍ മാത്രമാണ്. വരുന്ന ഷിപ്പ്മെന്റുകള്‍ പരിശോധിക്കാറില്ല. കമ്പനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ നടക്കുന്നത് വ്യാജപ്രചരണങ്ങളാണ്. മയക്കുമരുന്നു പിടിച്ച ഡിആര്‍ഐ, കസ്റ്റംസ് സംഘത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.”- അദാനി ഗ്രൂപ്പ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞദിവസമാണ് അദാനിയുടെ പോര്‍ട്ടില്‍ നിന്ന് 21,000 കോടിയുടെ മയക്കുമരുന്ന് സഹിതം രണ്ട് കണ്ടെയ്നറുകള്‍ ഡിആര്‍ഐ പിടിച്ചെടുത്തത്. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുനിന്നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് ഇത് എത്തിച്ചതെന്നാണ് വിവരം.
ആദ്യ കണ്ടെയ്നറില്‍നിന്ന് 1999.579 കിലോഗ്രാം ഹെറോയിനും രണ്ടാമത്തെ കണ്ടെയ്നറില്‍ നിന്ന് 988.64 കിലോഗ്രാം ഹെറോയിനുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ എം സുധാകര്‍, ഭാര്യ ദുര്‍ഗ വൈശാലി എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയവാഡയില്‍ രജിസ്റ്റര്‍ ചെയ്ത ട്രേഡിംഗ് കമ്പനിയുടെ ഉടമകളാണ് ഇവര്‍.
Discussion about this post