ബംഗളൂരു: പിറന്നാള്‍ ദിവസം രണ്ട് വയസുകാരനായ ദളിത് ബാലന്‍ ഹനുമാന്‍ ക്ഷേത്രത്തിനുള്ളില്‍ കയറിയതിന് കുടുംബത്തിന് 25,000 രൂപ പിഴ ചുമത്തി. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ഹനുമസാഗറിന് അടുത്തുള്ള മിയാപുര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തന്റെ പിറന്നാള്‍ ദിവസം അനുഗ്രഹത്തിനായി കുഞ്ഞ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു.
പരമ്പരാഗതമായി ദളിതരെ ഈ പ്രദേശത്ത് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല എന്ന് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുറത്ത് നിന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമാണ് ദളിതരെ അനുവദിക്കുന്നത്. കുഞ്ഞ് ക്ഷേത്രത്തിനുള്ളില്‍ കയറിയത് പൂജാരി ഉള്‍പ്പെടെ കണ്ടതോടെ ഗ്രാമത്തില്‍ വലിയ പ്രശ്‌നം ഉണ്ടായതായുമാണ് റിപ്പോര്‍ട്ട്.
ഈ ഗ്രാമത്തിലെ ഭൂരിഭാഗം പേരും ഗണിഗ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. പിഴ ചുമത്തപ്പെട്ട ദളിത് കുടുംബം ചെന്നദാസ വിഭാഗമാണ്. കുട്ടി ക്ഷേത്രത്തിനുള്ളില്‍ കയറിയത് കഴിഞ്ഞ 11ന് ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും 25,000 രൂപ പിഴ അടയ്ക്കാന്‍ കുടുംബത്തോട് ആവശ്യപ്പെടുകയുമായിരുന്നു. ക്ഷേത്രം അശുദ്ധമാക്കപ്പെട്ടതിനാല്‍ ശുദ്ധീകരണ ചടങ്ങുകള്‍ നടത്താന്‍ ഈ തുക ഉപയോഗിക്കാനുമാണ് തീരുമാനം.