ലഖ്നൗ: ഹൈന്ദവ സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡെ പരിഷത്ത് അധ്യക്ഷന്‍ സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജിന്റെ ആത്മഹത്യാകുറിപ്പ് പോലീസ് പുറത്തു വിട്ടു. സ്ത്രീക്കൊപ്പമുള്ള ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ശിഷ്യനായിരുന്ന ആനന്ദ് ഗിരി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കത്തില്‍ പറയുന്നു. ഈ അപമാന ഭാരം താങ്ങാനാവുന്നതിലും അപ്പുറമാണെന്നും കത്തില്‍ കുറിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രധാന പ്രതിയും അടുത്ത അനുയായിയുമായ ആനന്ദ് ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നരേന്ദ്ര ഗിരിയുടെ പ്രധാനശിഷ്യന്മാരില് രണ്ടുപേരെ ചോദ്യം ചെയ്യുകയാണ്. ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്ദീപ് തിവാരിയെയും മകന് ആദ്യതിവാരിയെയുമാണ് ചോദ്യം ചെയ്യുന്നത്. ആനന്ദ് ഗിരി സ്വാമി മഹന്ത് നരേന്ദ്രഗിരിയെ ഉപദ്രവിച്ചിരുന്നതായുള്ള വിവരങ്ങള്‍ പോലീസിന് ലഭ്യമായിട്ടുണ്ടെന്നാണ് വിവരം.
നേരത്തെ വഞ്ചനയും സാമ്പത്തിക കെടുകാര്യസ്ഥതയും ആരോപിച്ച് ആനന്ദ് ഗിരിയെ മഹന്ത് നരേന്ദ്രഗിരി ആശ്രമത്തില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ഇയാള്‍ പിന്നീട് ആശ്രമത്തില്‍ തിരിച്ചെത്തുകയും മഹന്ത് നരേന്ദ്രഗിരിയോട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നതായും മൊഴികളുണ്ട്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ മഠത്തിലാണ് മഹാരാജിനെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 78 വയസ്സായിരുന്നു. ഏഴ് പേജുള്ളതാണ് ആത്മഹത്യ കുറിപ്പ്.
Discussion about this post