മുംബൈ: മരുന്ന് വാങ്ങിക്കാനായി കടയിലെത്തിയ തനിക്ക് നേരെ മുഖംമൂടിയിട്ട ആളുകളുടെ ആക്രമണമുണ്ടായെന്ന് നടി പായൽ ഘോഷ്. തനിക്ക് പരിക്കേറ്റുവെന്നും നടി പറയുന്നു. നഗരത്തിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്നുകൾ വാങ്ങി മടങ്ങവെയാണ് സംഭവമെന്ന് നടി പറയുന്നു.
ഞായറാഴ്ച രാത്രി 10 നായിരുന്നു സംഭവം. മരുന്നുവാങ്ങിയ ശേഷം വീട്ടിലേക്ക് പോകാൻ കാറിൽ കയറുമ്പോൾ മുഖംമൂടി ധരിച്ച പുരുഷൻമാർ ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിക്കുകയായിരുന്നു. അവരുടെ കയ്യിൽ ആസിഡ് കുപ്പികളുമുണ്ടായിരുന്നു. ഞാൻ ഉറക്കെ കരഞ്ഞപ്പോൾ അവർ പിൻമാറി എന്നും നടി പറയുന്നു.
‘ഓർക്കുമ്പോൾ അതിയായ ഭയം തോന്നുന്നു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പോലീസിൽ പരാതിപ്പെടും’- നടി പറഞ്ഞു.
സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്ത് വന്നതോടെയാണ് പായൽ ഘോഷ് ശ്രദ്ധ നേടുന്നത്. ഇത് സംബന്ധിച്ച് പായൽ പോലീസിൽ പരാതി നൽകിയിരുന്നു.