ലഖ്നൗ: ആത്മഹത്യ ചെയ്ത അഖിലഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ഇദ്ദേഹത്തിന്റെ മരണവുമായുമായി ബന്ധപ്പെട്ട് മൂന്ന് ശിഷ്യന്മാർ കസ്റ്റഡിയിൽ. നരേന്ദ്രഗിരിയുടെ അടുത്ത അനുയായിയും ശിഷ്യനുമായിരുന്ന ആനന്ദ് ഗിരി, അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന സന്ദീപ് തിവാരി, ആദ്യ തിവാരി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യംചെയ്തുവരികയാണ്. തിങ്കളാഴ്ച വൈകിട്ടാണ് നരേന്ദ്രഗിരിയെ പ്രയാഗ് രാജിലെ ബഘംബരി മഠത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉച്ചകഴിഞ്ഞിട്ടും അദ്ദേഹം മുറിയിൽനിന്ന് പുറത്തുവരാത്തതിനാൽ ശിഷ്യന്മാർ വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്തുകടന്നതോടെയാണ് നരേന്ദ്രഗിരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
നരേന്ദ്രഗിരിയുടെ ആത്മഹത്യാക്കുറിപ്പ് വിശദമായി പരിശോധിച്ചെന്നും അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് കുറിപ്പിൽ വിശദീകരിച്ചിരിക്കുന്നതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കെപി സിങ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മരണശേഷം ആശ്രമത്തിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും കുറിപ്പിൽ വിശദമാക്കിയിട്ടുണ്ട്. തന്റെ മരണത്തിന് കാരണമായവരുടെ പേരുകളും നരേന്ദ്രഗിരി ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്
Discussion about this post