വിശാഖപട്ടണം: രണ്ടു വർഷം മുമ്പ് ഇരട്ടപെൺകുഞ്ഞുങ്ങളെ ബോട്ടപകടത്തിൽ നഷ്ടപ്പെട്ട ദമ്പതികൾക്ക് രണ്ട് വർഷത്തിനിപ്പുറം അതേദിവസം ഇരട്ടകുഞ്ഞുങ്ങൾ തന്നെ പിറന്നിരിക്കുകയാണ്. 2019 സെപ്റ്റംബർ 15നാണ് അപ്പല രാജുവിനും ഭാര്യ ഭാഗ്യലക്ഷ്മിക്കും തീരാനഷ്ടമുണ്ടായത്. ഒടുവിൽ രണ്ടു വർഷം കഴിഞ്ഞ് 2021ലെ അതേദിനം അവർക്ക് സമ്മാനിച്ചതാകട്ടെ ഇരട്ടിമധുരവും.
2019 സെപ്റ്റംബർ 15നാണ് ഈ ദമ്പതികളുടെ ഇരട്ട പെൺകുട്ടികൾ ഗോദാവരി നദിയിലുണ്ടായ ബോട്ടപകടത്തിൽ മുങ്ങിമരിക്കുന്നത്. കൃത്യം രണ്ടു വർഷം കഴിഞ്ഞ അതേദിനം അവർക്ക് മക്കൾ പിറന്നു, അതും ഇരട്ട പെൺകുഞ്ഞുങ്ങൾ. വിശാഖപട്ടണത്തിലെ ഗ്ലാസ്നിർമാണ സ്ഥാപനത്തിലെ ജോലിക്കാരനാണ് അപ്പല രാജു.
രാജുവിന്റെ അമ്മയോടൊപ്പം തെലങ്കാനയിലെ രാമക്ഷേത്രത്തിലേക്ക് ബോട്ടിൽ പോയ ഇരട്ടമക്കൾ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ മക്കൾക്കൊപ്പം അപ്പല രാജുവിന്റെ അമ്മയും മരിച്ചിരുന്നു. പിന്നീട് കഴിഞ്ഞവർഷം പട്ടണത്തിലെ വന്ധ്യതചികിത്സയുള്ള ആശുപത്രിയെ സമീപിക്കുകയായിരുന്നു ഈ ദമ്പതികൾ. ചികിത്സയ്ക്കിടെ ഐവിഎഫിലൂടെയാണ് ഭാഗ്യലക്ഷ്മി ഗർഭം ധരിക്കുന്നത്.
പിന്നീട് ഈ മാസം 15ന്, ബോട്ടപകടത്തിൽ മക്കൾ മരിച്ച് രണ്ടു വർഷം തികഞ്ഞ അതേ ദിവസം ഭാഗ്യലക്ഷ്മി ഇരട്ട പെൺകുഞ്ഞുങ്ങൾക്കുതന്നെ ജന്മം നൽകി. 1.9, 1.6 കിലോഗ്രാം തൂക്കമുള്ള ഇരട്ടകൾ സുഖമായിരിക്കുന്നു.
Discussion about this post