ലഖ്നൗ: ഗാന്ധിജിയുടെ വസ്ത്രധാരണത്തെ രാഖി സാവന്തിന്റേതുമായി താരതമ്യപ്പെടുത്തി ഉത്തര്‍പ്രദേശ് നിയമസഭ സ്പീക്കര്‍ ഹൃദയ് നാരായണ്‍ ദീക്ഷിത് വിവാദത്തില്‍. ഉന്നാവില്‍ ബിജെപി സംഘടിപ്പിച്ച പ്രബുദ്ധ് വര്‍ഗ് സമ്മേളനത്തില്‍ സംസാരിക്കവെയാണ് പരാമര്‍ശം.
‘ഗാന്ധിജി തുച്ഛമായ വസ്ത്രങ്ങള്‍ മാത്രമായിരുന്നു ധരിച്ചിരുന്നത്. ഒരു ധോത്തി മാത്രമായിരുന്നു അദ്ദേഹത്തിന്റെ വസ്ത്രം. തുച്ഛമായ വസ്ത്രം മാത്രം ധരിക്കുന്നതിലൂടെ ഒരാള്‍ വലിയവനാവുമെങ്കില്‍ രാഖി സാവന്ത് ഗാന്ധിയേക്കാള്‍ വലിയ ആളാവുമായിരുന്നു’ എന്നായിരുന്നു ഹൃദയ് നാരായണിന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തി.
സ്പീക്കറുടെ വാക്കുകള്‍;
‘സമൂഹമാധ്യമങ്ങളില്‍ ചിലര്‍ തന്റെ പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രബുദ്ധ് സമ്മേളനത്തില്‍ത താന്‍ പറഞ്ഞതിന്റെ ചെറിയ ഭാഗം മാത്രമാണ് അത്. സമ്മേളനത്തില്‍ മോഡറേറ്റര്‍ തന്നെ അഭിസംബോധന ചെയ്തത് പ്രബുദ്ധനായ എഴുത്തുകാരന്‍ എന്നാണ്. എന്നാല്‍ ഏതാനും പുസ്തകങ്ങള്‍ എഴുതുന്നതിലൂടെ ആരും പ്രബുദ്ധനാവുന്നില്ലെന്നാണ് താന്‍ പറഞ്ഞത്. അതേ അര്‍ത്ഥത്തിലാണ് തുച്ഛമായ വാസ്ത്രം ധരിക്കുന്നതിലൂടെ രാഖി സാവന്ത് മാഹാത്മജിയെക്കേള്‍ വലിയ ആള്‍ ആവുന്നില്ലെന്നും പറഞ്ഞത്. സുഹൃത്തുക്കള്‍ ദയവായി താന്‍ പറഞ്ഞത് ശരിയായ അര്‍ഥത്തിലെടുക്കണം.