ചണ്ഡീഗഡ്: ചരണ്‍ജിത് സിങ് ചന്നിയെ പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗമാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. ദളിത് വിഭാഗത്തില്‍പ്പെട്ട ചരണ്‍ജിത്തിനെ മുഖ്യമന്ത്രിയാക്കിയതോടെ മൂന്ന് ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകത്തിനാണ് പഞ്ചാബില്‍ തിരശീല വീണിരിക്കുന്നത്.
യോഗത്തില്‍ സുഖ് ജീന്ദര്‍ സിങ് രണ്‍ദാവയാണ് ചരണ്‍ജിത്തിന്റെ പേര് നിര്‍ദേശിച്ചത്. മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത് ആണ് പുതിയ മുഖ്യമന്ത്രിയുടെ പേര് ട്വീറ്റ് ചെയ്തത്.
ചരണ്‍ജിത് സിങ് നാളെ രാവിലെ 11ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്
അധികാരമേല്‍ക്കും. ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് ചരണ്‍ജിത് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പഞ്ചാബ് മന്ത്രിസഭയ്ക്ക് പുതിയ നേതാവിനെ തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവെയെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകല്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഹൈക്കമാന്റാണ് ചന്നിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
പിസിസി അധ്യക്ഷന്‍ നവജോത് സിങ് സിദ്ദുവിനെ പിന്തുണക്കുന്ന 62കാരനായ ചരണ്‍ജിത് സിങ് മൂന്നു തവണ എംഎല്‍എയായിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ ജയില്‍, കോര്‍പറേഷന്‍ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഗുര്‍ദാസ് പൂര്‍ ജില്ലക്കാരനായ അദ്ദേഹം പിസിസി മുന്‍ ഉപാധ്യക്ഷനായിരുന്നു. കൂടാതെ, ചരണ്‍ജിത് സിങ്ങിന്റെ പിതാവ് സന്‍തോക് സിങ് രണ്ടു തവണ പിസിസി അധ്യക്ഷ പദം അലങ്കരിച്ചിട്ടുണ്ട്.
പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. മുന്‍ പി.സി.സി പ്രസിഡന്റ് സുനില്‍ ഝാക്കര്‍, പ്രതാപ്‌സിങ് ബജ്‌വ, രവ്‌നീത്‌സിങ് ബിട്ടു എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നു കേട്ടത്.
പഞ്ചാബില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ നാളുകളായി തുടരുന്ന ഉള്‍പ്പോരിനൊടുവിലായിരുന്നു അമരീന്ദര്‍ സിങ് രാജിവെച്ചത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി 50ലധികം എം.എല്‍.എമാര്‍ ഹൈകമാന്‍ഡിനെ സമീപിച്ചതോടെ അമരീന്ദര്‍ സിങ് ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. അപമാനിതനായാണ് പടിയിറങ്ങുന്നതെന്ന് രാജിവെച്ച ശേഷം അമരീന്ദര്‍ സിങ് പ്രതികരിച്ചിരുന്നു.