തലവെട്ടി കുഴിമാടത്തിൽ വെച്ച് പ്രതികാരവും ജാതി കൊലപാതകവും; തിരുനെൽവേലിയിൽ അഞ്ച് കൊലപാതകങ്ങൾ; സ്തംബ്ധരായി പോലീസ് സേനയും

തിരുനെൽവേലി: രാജ്യത്തിന് തന്നെ നാണക്കേടായി തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ജാതിക്കൊലപാതകം വീണ്ടും. ജാതിവെറിയുടെ പേരിലുള്ള രണ്ടു കൊലപാതകങ്ങൾക്ക് പുറമെ അഞ്ച് കൊലപാതകങ്ങളാണ് മൂന്ന് ദിവസത്തിനിടെ നടന്നത്. ഇതോടെ തിരുനെൽവേലിയിലും പരിസരപ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി. ജാതിയുടെ പേരിൽ കലഹം നിലനിൽക്കുന്ന മേഖലകളിൽ തിരുനെൽവേലി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ബോധവത്കരണവും സംഘടിപ്പിക്കുന്നുണ്ട്.

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ 1500ഓളം പോലീസുകാരെ വിന്യസിച്ചതായി സൗത്ത് സോൺ ഐജി ടിഎസ് അൻപു മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാനം ഉറപ്പുവരുത്താനായി ഐജിയും ജില്ലാ കളക്ടറും മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗവും ചേർന്നു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആദ്യകൊലപാതകം. രാത്രിയാണ് ശങ്കര സുബ്രഹ്മണ്യൻ(27) എന്നയാളെ ദളിത് വിഭാഗത്തിൽപ്പെട്ട ഒരുസംഘം കൊലപ്പെടുത്തുകയായിരുന്നു. 2013ൽ മന്തിരം എന്ന ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശങ്കര സുബ്രഹ്മണ്യൻ. ഇതിന്റെ പ്രതികാരമായാണ് ശങ്കര സുബ്രഹ്മണ്യനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം. ഇയാളുടെ വെട്ടിമാറ്റിയ തല മന്തിരത്തിന്റെ കുഴിമാടത്തിൽനിന്നാണ് കണ്ടെടുത്തത്.

പിന്നാലെ ബുധനാഴ്ച രാവിലെയാണ് ദളിത് വിഭാഗത്തിൽപ്പെട്ട മാരിയപ്പൻ(35) കൊല്ലപ്പെട്ടു. ശങ്കര സുബ്രഹ്മണ്യനെ കൊലപ്പെടുത്തിയതിന്റെ പകവീട്ടലായിരുന്നു മാരിയപ്പന്റെ കൊലപാതകം. മാരിയപ്പന്റെ തല വെട്ടിമാറ്റി ശങ്കരയുടെ കുഴിമാടത്തിൽ വെക്കുകയായിരുന്നു. കൊല്ലപ്പെട്ട മാരിയപ്പൻ 2014ൽ നടന്ന ഒരു ജാതിക്കൊലയിലും പ്രതിയാണെന്നാണ് പോലീസ് നൽകുന്നവിവരം.

ശങ്കര സുബ്രഹ്മണ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാരിയപ്പനെ കൊലപ്പെടുത്തിയ കേസിൽ എട്ടുപേരും അറസ്റ്റിലായി.

ഇതിനിടെയാണ് ശങ്കർ കോളനി സ്വദേശി എം.അബ്ദുൾ ഖാദറി(28)നെ പത്തംഗസംഘം ബുധനാഴ്ച രാത്രി വെട്ടിക്കൊന്നത്. ഖാദറും സുഹൃത്തുക്കളും മദ്യപിക്കുന്നതിനിടെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ട ഖാദർ തൂത്തുക്കുടി മാർട്ടിൻ വധക്കേസിലെ ജാമ്യത്തിലിറങ്ങിയ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഖാദറിനെ കൊലപ്പെടുത്തിയത് മാർട്ടിന്റെ ബന്ധുക്കളും കൂട്ടാളികളുമാണെന്നാണ് പോലീസ് കരുതുന്നത്. പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

തിരുനെൽവേലി ബ്രഹ്മദേശം സ്വദേശി തങ്കപാണ്ടി(25)യും ബുധനാഴ്ച രാത്രിയാണ് കൊലപ്പെട്ടത്. കൂട്ടുകാർക്കൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് തങ്കപാണ്ടിയുടെ ജീവനെടുത്തത്. ആറ് പേരാണ് പ്രതികൾ.

പിന്നീട് രാമനാഥപുരം സ്വദേശി സുജയ് ഗണേഷ(21)നെ കൂടലൂർ മൊട്ടമലയിൽ കൊല്ലപ്പെട്ടനിലയിലും പോലീസ് കണ്ടെത്തുകയായിരുന്നു. ശരീരാമസകലം നിരവധി കുത്തേറ്റനിലയിലായിരുന്നു മൃതദേഹം. ഈ കേസിലും പോലീസ് അന്വേഷണം തുടരുകയാണ്.

Exit mobile version