ന്യൂഡല്‍ഹി: രാജ്യത്ത് പശുവിനെ ചൊല്ലി നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ വിമര്‍ശിച്ച ബോളിവുഡ് താരം നസ്റുദ്ദീന്‍ ഷായുടെ അജ്മീര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ പരിപാടി റദ്ദാക്കി. ഹിന്ദു സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നസ്റുദ്ദീന്‍ ഷായുടെ പ്രസംഗം സംഘടന ഒഴിവാക്കിയത്. യുവമോര്‍ച്ചയും മറ്റ് ഹിന്ദുത്വ സംഘടനകളും അജ്മീര്‍ സാഹിത്യോത്സവ വേദിയില്‍ നസ്റുദ്ദീന്‍ ഷാക്കെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. നസ്റുദ്ദീന്‍ ഷായുടെ സുരക്ഷയും അജ്മീറിലെ ജനങ്ങളുടെ വികാരവും പരിഗണിച്ചാണ് പരിപാടി റദ്ദാക്കിയതെന്നാണ് സംഘാടകരുടെ വിശദീകരണം.
ഇന്ന് രാജ്യത്ത് പോലീസുകാരുടെ ജീവനേക്കാള്‍ വിലയാണ് പശുവിനെന്നും, നിയമം കൈയ്യിലെടുക്കുന്നവര്ക്കാണ് രാജ്യത്ത് പരിരക്ഷ ലഭിക്കുന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നസ്റുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറില് പോലീസുദ്യോഗസ്ഥന് സുബോധ് കുമാര്‍ പശു സംരക്ഷകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് നസ്റുദ്ദീന്‍ ഷായുടെ വിമര്‍ശം. ബിജെപി ഇതിനകം നാട്ടില്‍ വേണ്ടത്ര വിഷം വിതച്ചുകഴിഞ്ഞു. ഈ സ്ഥിതി ഉടനെയൊന്നും നേരെയാകാന്‍ പോകുന്നില്ലെന്നും നസ്റുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. താന്‍ മക്കളെ വളര്‍ത്തിയത് മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും, എന്നാല്‍ തന്റെ മക്കളുടെ സുരക്ഷയെക്കുറിച്ചോര്‍ത്ത് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേ സമയം രാജ്യത്തിന്റെ അവസ്ഥയില്‍ ഭയമല്ല, മറിച്ച് ദേഷ്യമാണ് വരേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേ സമയം ഇതിന് മുന്‍പും താന്‍ ഇതിനെ കുറിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ മാത്രം തന്നെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നത് വിചിത്രമാണെന്നും ഭീഷണിയെ കുറിച്ച് നസ്റുദ്ദീന്‍ ഷാ പ്രതികരിച്ചു.
Discussion about this post