ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ജന്മദിനത്തിലെ മാസ് വാക്‌സിനേഷനെ ട്രോളി സോഷ്യല്‍ലോകം. സെപ്റ്റംബര്‍ 17ന് മോഡിയുടെ ജന്മദിനത്തില്‍ രണ്ടുകോടിയിലധികം പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയത്.
ഇതാണ് സമൂഹമാധ്യമങ്ങളില്‍ ഈ രീതിയില്‍ പ്രതികരണങ്ങളുയരുന്നത്. സെപ്റ്റംബര്‍ 17ന് മാത്രമല്ല, എല്ലാ ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനമായിരുന്നെങ്കില്‍ രാജ്യത്ത് നിരവധി പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് നെറ്റിസണ്‍സ് പറയുന്നു.
മുന്‍നിര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ കുറഞ്ഞ വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ത്തികാട്ടിയാണ് ട്വീറ്റുകള്‍. സെപ്റ്റംബര്‍ 17ന് 2.25 കോടി വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ രാജ്യത്ത് സംഘടിപ്പിച്ചിരുന്നു. ഉച്ചയോടെ ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ ഡോസുകള്‍ നല്‍കി. വൈകിട്ട് അഞ്ചുമണിയോടെ രണ്ടുകോടി പേര്‍ക്കും. ഓരോ സെക്കന്‍ഡിലും 466 പേര്‍ക്ക് വീതമാണ് രാജ്യത്ത് കഴിഞ്ഞദിവസം വാക്‌സിന്‍ നല്‍കിയത്. മണിക്കൂറില്‍ 17 ലക്ഷം വാക്‌സിന്‍ ഡോസുകളും വിതരണം ചെയ്തു.
പ്രതിദിനം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ ദിവസമായിരുന്നു സെപ്റ്റംബര്‍ 17. എന്നാല്‍, രാജ്യത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ എന്നും മോഡിയുടെ ജന്മദിനമാകട്ടേയെന്നാണ് നെറ്റിസണ്‍സിന്റെ ആശംസ. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ വാക്‌സിനേഷന്‍ നിരക്ക് വളരെ പിന്നിലാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് നെറ്റിസണ്‍സിന്റെ വിമര്‍ശനം.
ന്യൂയോര്‍ക്ക് ടൈംസ് ഡേറ്റ പ്രകാരം ലോകത്ത് 32 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയപ്പോള്‍ ഇന്ത്യയില്‍ അത് 15 ശതമാനം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശ്രീവത്‌സ ട്വീറ്റ് ചെയ്തു. ചൈനയില്‍ 72 ശതമാനം, ജര്‍മനി -63, യു.എസ് 55, ശ്രീലങ്ക -50, തുര്‍ക്കി -51, ബ്രസീല്‍ -37, മെക്‌സികോ -32, റഷ്യ -29, ഇന്ത്യ 15 ശതമാനം എന്നിങ്ങനെയാണ് വാക്‌സിനേഷന്‍ നിരക്ക്. എന്നും മോദിയുടെ ജന്മദിനം ആഘോഷിക്കുകയാണെങ്കില്‍ നിരവധി ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും ശ്രീവത്‌സ ട്വീറ്റ് ചെയ്തു.
എന്തുകൊണ്ടാണ് മോഡിയുടെ ജന്മദിനത്തില്‍ മാത്രം രണ്ടുകോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതെന്നും മറ്റു ദിവസങ്ങളില്‍ മടിയന്മാരായിരിക്കുന്നതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന മറ്റൊരു ചോദ്യം. ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ യജ്ഞം പൂര്‍ത്തീകരിക്കണമെങ്കില്‍ എന്നും മോഡിയുടെ ജന്മദിനം ആഘോഷിക്കണമെന്നും അഭിപ്രായപ്പെട്ടവര്‍ ചെറുതല്ല.