രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് മനസു തുറന്ന് ബോളിവുഡ് താരവും മഥുര എംപിയുമായ ഹേമാ മാലിനി. സിനിമാതാരം എന്ന നിലയ്ക്ക് തനിക്ക് ഏറെ സ്‌നേഹം ലഭിച്ചിരുന്നു, അത് ജനങ്ങളെ സേവിക്കാനുള്ള അവസരമായി കണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടന്നതെന്ന് ഹേമ മാലിനി സന്തോഷത്തോടെ പറയുന്നു.
ജനങ്ങളെ സേവിക്കുമ്പോള്‍ എന്താണ് തോന്നുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നോട് ഒരിക്കല്‍ ചോദിക്കുകയുണ്ടായെന്നും അവര്‍ വെളിപ്പെടുത്തി. തനിക്കേറെ സന്തോഷം തോന്നുന്നുണ്ടെന്നും അതിനു കാരണം ജനങ്ങളെ സഹായിക്കാന്‍ കഴിയുന്നു എന്നതാണെന്നുമാണ് മറുപടി നല്‍കിയതായും ഹേമ കൂട്ടിച്ചേര്‍ത്തു.
നടിയായിരുന്ന കാലത്ത് രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഹേമമാലിനി പറയുന്നു. എന്നാല്‍, അക്കാലത്ത് അമ്മ മുന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ കടുത്ത ആരാധികയായിരുന്നു. താന്‍ രാഷ്ട്രീയത്തിലേക്ക് കടക്കണമെന്ന് ആഗ്രഹിച്ചത് അമ്മയായിരുന്നെന്നും താരം പറഞ്ഞു.
അതേസമയം, മഥുരയെ അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹേമ മാലിനി കൂട്ടിച്ചേര്‍ത്തു. താന്‍ എംപിയായതോടെ റോഡുകള്‍ നവീകരിക്കുകയും ഉപ്പുവെള്ളത്തിന്റെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു. ഒപ്പം നഗരത്തിന്റെ സാംസ്‌കാരിക പൈതൃകവും നിര്‍മിതിയും നിലനിര്‍ത്താന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഹേമമാലിനി ഉറപ്പ് നല്‍കുന്നു.