യൂട്യൂബിലൂടെ മാസം സമ്പാദിക്കുന്നത് നാല് ലക്ഷം രൂപയോളം; ഈ വരുമാനം ലക്ചര്‍ വീഡിയോകളില്‍ നിന്നാണെന്ന് നിതിന്‍ ഗഡ്കരി

ബറൂച്ച്: യൂട്യൂബില്‍ നിന്ന് തനിക്ക് വരുമാനമായി പ്രതിമാസം നാല് ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കോവിഡ് കാലത്ത് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ലക്ചര്‍ വീഡിയോകളില്‍ നിന്നാണ് ഈ ഇനത്തില്‍ പണം ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുപരിപാടിയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇതുവരെ ആയിരത്തോളം ലക്ചര്‍ വീഡിയോകളാണ് ഗഡ്കരി തന്റെ അക്കൗണ്ടില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ഗഡ്കരിയുടെ വാക്കുകള്‍;

കോവിഡ് കാലത്ത് ഔദ്യോഗിക കാര്യങ്ങള്‍ക്ക് പുറമേ താന്‍ രണ്ട് കാര്യങ്ങള്‍ ചെയ്തിരുന്നു. ഒന്ന് പാചകം ചെയ്യാന്‍ ആരംഭിച്ചു. രണ്ടാമത്തേത് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിദേശ സര്‍വകലാശാലകളിലെ കുട്ടികള്‍ക്ക് ഉള്‍പ്പെടെ ക്ലാസ്സുകള്‍ എടുക്കുകയും അത് യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം ഉയരുകയും മാസത്തില്‍ നാല് ലക്ഷം രൂപ വരെ തനിക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്.

രാജ്യത്ത് നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരിക്കലും മതിയായ അഭിനന്ദനം ലഭിക്കാറില്ല. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മികച്ച ഗതാഗത സംവിധാനങ്ങളും തൊഴിലവസരങ്ങളും ഉണ്ടാവേണ്ടതുണ്ട്. രാജ്യത്തെ റോഡ് നിര്‍മാണങ്ങളും ചുമതലയുള്ള കണ്‍സള്‍ട്ടന്‍സികളേയും കോണ്‍ട്രാക്ടര്‍മാരേയും കേന്ദ്രഗതാഗത വകുപ്പ് നേരിട്ട് വിലയിരുത്തുന്നുണ്ട്.

Exit mobile version