പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ഉടനില്ല: ഒന്നിച്ച് എതിര്‍ത്ത് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ഉടനില്ല. ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വിഷയം പരിഗണിച്ചില്ല. സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പ് പരിഗണിച്ച് വിഷയം പിന്നീട് പരിഗണിക്കാനാണ് തീരുമാനം. വിഷയം പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതായും സൂചന.

പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്ന് സംസ്ഥാനങ്ങള്‍ ഒറ്റകെട്ടായി ആവശ്യപ്പെട്ടതോടെ വിഷയം പിന്നീട് പരിഗണിക്കാനായി കൗണ്‍സില്‍ മാറ്റിവെച്ചു. നേരത്തെ കേരള ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച വിഷയം പരിഗണിക്കണമെന്ന് കൗണ്‍സിലിനോട് ആവശ്യപ്പെട്ടത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം വിഷയം പരിഗണിച്ചെന്ന് വരുത്തിതീര്‍ക്കുക മാത്രമാണ് ചെയ്തത്.

പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനെതിരേ നേരത്തെ കേരളമാണ് പരസ്യമായി രംഗത്തുവന്നത്. എന്നാല്‍ കൗണ്‍സില്‍ യോഗത്തില്‍ മറ്റു സംസ്ഥാനങ്ങളും സമാനമായ നിലപാടെടുത്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നീക്കത്തെ എതിര്‍ത്തു.

നികുതി വരുമാനം നഷ്ടപ്പെടുമെന്നതാണ് സംസ്ഥാനങ്ങളുടെ പ്രധാന ആശങ്ക. കേന്ദ്രസര്‍ക്കാരിനും ഇതേ ആശങ്കയുണ്ട്. വിഷയം പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചതോടെ പെട്രോളും ഡീസലും ഉടന്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള സാധ്യതകള്‍ മങ്ങി.

എന്നാല്‍ തീരുമാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇനി പിന്നോട്ട് പോകില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. പല ഘട്ടത്തിലും വാറ്റുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് ആലോചിക്കാതെ പല സംസ്ഥാനങ്ങളും വലിയ രീതിയിലുള്ള നികുതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തെ ഇന്ധന വിലവര്‍ധനയ്ക്ക് ഇത് കാരണമായെന്നും ഇന്ധന വില കുറയ്ക്കുന്നതിനായാണ് പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ആദ്യ ഘട്ടത്തില്‍ ഏവിയേഷന്‍ ഫ്യുവലായിരിക്കും ഈ പരിധിയില്‍ വരികയെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version