ചണ്ഡീഗഢ് : രാഷ്ട്രീയക്കാര്‍ ഒരിക്കലും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകരുതെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. റോഡ് വീതികൂട്ടാന്‍ വേണ്ടി ഭാര്യാപിതാവിന്റെ വീട് വരെ പൊളിക്കാന്‍ ഉത്തരവ് കൊടുത്തിട്ടുണ്ടെന്ന് ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് പാതയുടെ ഹരിയാനയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗത്തില്‍ മന്ത്രി പറഞ്ഞു.
“അന്ന് ഞാന്‍ കല്യാണം കഴിഞ്ഞ കാലമായിരുന്നു. ഒരു ദിവസം ഉദ്യോഗസ്ഥര്‍ വന്നു പറഞ്ഞു റോഡ് വീതികൂട്ടലിന് ഒരു വീട് തടസ്സമാവുന്നുണ്ടെന്നും അത് തന്റെ ഭാര്യാപിതാവിന്റെ വീടാണെന്നും. ഞാന്‍ നോക്കിയപ്പോള്‍ വീട് നില്‍ക്കുന്നത് റോഡിന്റെ മധ്യഭാഗത്ത്. എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വീട് പൊളിക്കാന്‍ ഉത്തരവ് കൊടുത്തു. അങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്. ഭാര്യ പോലും ഇക്കാര്യം അറിഞ്ഞത് വീട് പൊളിച്ചതിന് ശേഷമാണ്. രാഷ്ട്രീയക്കാര്‍ ഒരിക്കലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകരുത്.” ഗഡ്കരി പറഞ്ഞു.
ലോക്ഡൗണ്‍ കാലത്ത് താന്‍ തുടങ്ങിയ യൂട്യൂബ് ചാനലില്‍ നിന്ന് പ്രതിമാസം നാല് ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നും ഗഡ്കരി അറിയിച്ചു.”രണ്ട് കാര്യങ്ങളാണ് ഞാന്‍ ലോക്ഡൗണ്‍ കാലത്ത് ചെയ്തത്. ഒന്ന് വീട്ടില്‍ സ്വയം പാചകം ചെയ്തു തുടങ്ങി. രണ്ടാമത്തേത് വീഡിയോ കോണ്‍ഫറന്‍സുകളില്‍ സംസാരിച്ചു. ഈ പ്രഭാഷണങ്ങള്‍ ഞാനെന്റെ ചാനലില്‍ അപ് ലോഡ് ചെയ്തു. ഇപ്പോള്‍ പ്രതിമാസം നാല് ലക്ഷം രൂപ എനിക്ക് വരുമാനമുണ്ട്.” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
95000 കോടി രൂപ ചിലവിട്ടാണ് ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് പാത നിര്‍മിക്കുന്നത്. 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും റാവു ഇന്ദ്രജിത്ത് സിങ് എംപിയും അവലോകന യോഗത്തില്‍ പങ്കെടുത്തു.