ഹൈദരാബാദ്: ഹൈദരാബാദിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ടനിലയിൽ. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഖാൻപുർ പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതി തീവണ്ടിക്ക് മുന്നിൽ ചാടിയെന്നാണ് പോലീസിന്റെ വിശദീകരണം. മൃതദേഹം രാജുവിന്റെതാണെന്ന് തെലങ്കാന ഡിജിപിയും സ്ഥിരീകരിച്ചു. സെപ്റ്റംബർ ഒമ്പതിനാണ് സൈദാബാദിലെ ആറ് വയസ്സുകാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്.
പിന്നീട് മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ അർധനഗ്നമായ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞനിലയിൽ അയൽക്കാരനായ രാജുവിന്റെ വീട്ടിൽനിന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ പല്ലക്കൊണ്ട രാജു ഇതിനോടകം വീട്ടിൽനിന്ന് രക്ഷപ്പെട്ടിരുന്നു.
കുട്ടിയുടെ മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ടെന്നാണ് പോലീസിന്റെ റിപ്പോർട്ട്. ആറ് വയസ്സുകാരിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം രാജു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രതിയെ എൻകൗണ്ടറിൽ കൊലപ്പെടുത്തുമെന്ന് പ്രതികരിച്ച് ഒരു മന്ത്രിയും ഇതിനിടെ രംഗത്തെത്തിയിരുന്നു.
Discussion about this post