ന്യൂഡൽഹി: രാജ്യത്തിന്റെ വികസനത്തിന് ബൃഹത്തായ സംഭാവനയാണ് യുപി സർക്കാർ ചെയ്യുന്നതെന്ന് വാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ ഏറ്റവും വലിയ വികസന ക്യാംപെയിനാണ് യുപി നടത്തിക്കൊണ്ടിരിക്കുന്നതെന്നും അലിഗഢിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് സർവകലാശാലയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു കൊണ്ട് മോഡി പറഞ്ഞു.
‘ദേശീയ, രാജ്യാന്തര തലത്തിൽ നിക്ഷേപകർക്കു കൂടുതൽ താൽപര്യമുള്ള പ്രദേശമായി ഉത്തർപ്രദേശ് ഉയർന്നുവരികയാണ്. അതിന് അനുകൂലമായ സാഹചര്യങ്ങൾ ഇവിടെ വളർത്തിയെടുത്തു. ഇരട്ട എൻജിൻ സർക്കാരിന്റെ ഇരട്ടി നേട്ടങ്ങൾക്കുള്ള തിളങ്ങുന്ന ഉദാഹരണമാണു യുപി. സംസ്ഥാനത്ത് ഗുണ്ടകൾ ഭരണം നടത്തിയിരുന്ന ഒരു സമയമുണ്ടായിരുന്നു.’- മോഡി പ്രസംഗത്തിനിടെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി.
ഇപ്പോൾ യുപിയിലെ മാഫിയാ നേതാക്കളും കൊള്ളക്കാരും ഒളിച്ചിരിക്കുകയാണ്. അന്നു സംസ്ഥാനത്തു നടന്ന അഴിമതിയൊന്നും യുപിയിലെ ജനങ്ങൾ മറക്കില്ല. പ്രധാന സ്ഥാനങ്ങളിലേക്ക് അഴിമതിക്കാരെ കൊണ്ടുവന്നു. പ്രതിരോധ മേഖലയിലെ ഇറക്കുമതിക്കാർ എന്നതിൽനിന്ന് വലിയ തോതിൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. 12 പ്രതിരോധ സ്ഥാപനങ്ങൾ അലിഗഡിൽ നിർമാണ യൂണിറ്റ് തുടങ്ങുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഡൽഹിയിൽ നിന്ന് 150 കിലോമീറ്റർ മാറിയാണ് സർവകലാശാലയുടെ ക്യാംപസ് നിർമ്മിക്കുന്നത്. ജാട്ട് സമുദായ നേതാവ് മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ പേരിലാണ് പുതിയ സർവകലാശാല.
Discussion about this post