കൊൽക്കത്ത: പശ്ചിമ ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുന്ന മമത ബാനർജിക്ക് എതിരെ ബിജെപി. മത്സരിക്കുന്നതിന് മമതാ ബാനർജി നൽകിയ നാമനിർദ്ദേശ പത്രികയിൽ ക്രിമിനൽ കേസുകളുടെ വിവരങ്ങൾ നൽകിയില്ലെന്നാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്. ഭവാനിപുർ റിട്ടേണിങ് ഓഫീസർക്കാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്.
മമത അഞ്ച് ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബിജെപി സുപ്രീം കോടതിയുടെ രണ്ട് വിധികളും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എൻആർസി വിഷയത്തിൽ നടത്തിയ പരാമർശങ്ങളിൽ അസം പോലീസ് രജിസ്റ്റർ ചെയ്ത കേസും പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളും നാമനിർദ്ദേശ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ബിജെപിയുടെ ആരോപണം.
എന്നാൽ തൃണമൂൽ കോൺഗ്രസ് നേതൃത്വം ഇത് നിഷേധിച്ച് രംഗത്തെത്തി. സെപ്തംബർ 30-ന് ആണ് പശ്ചിമ ബംഗാളിലെ ഉപതിരഞ്ഞെടുപ്പ്. ഒക്ടോബർ മൂന്നിനാണ് വോട്ടെണ്ണൽ.