മംഗളൂരു: മംഗളൂരൂവിൽ ഒരാൾക്ക് നിപ രോഗലക്ഷണം കാണിച്ചതോടെ വലിയ ആശങ്ക. വെൻലോക് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനാണ് രോഗലക്ഷണം കണ്ടെത്തിയിരിക്കുന്നത്. തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് ഇയാൾ നേരിട്ട് ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. അതേസമയം, ഇയാൾക്ക് എല്ലാ ലക്ഷണങ്ങളുമില്ലെന്നും ചെറിയ പനി മാത്രമാണുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സ്രവ സാമ്പിളുകൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഈ വ്യക്തിക്ക് നിപ വൈറസ് ബാധയാകാനുള്ള സാധ്യത കുറവാണെന്നും പുണെയിൽ നിന്ന് ഫലം വരുന്നതിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ലക്ഷണങ്ങൾ കാണിച്ചയാൾ അടുത്തിടെ ഗോവയിലേക്ക് യാത്ര നടത്തിയിരുന്നു. ഈ യാത്രയിൽ മലയാളിയും കൂടെയുണ്ടായിരുന്നു. അതേസമയം, നിപ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മംഗളൂരു നഗരത്തിൽ ജാഗ്രത കടുപ്പിച്ചിട്ടുണ്ട്. തലപ്പാടി ചെക്‌പോസ്റ്റ് കടന്ന് കേരളത്തിൽ നിന്നും എത്തുന്നവരിൽ പരിശോധന കർശനമാക്കാനാണ് തീരുമാനം.
കേരളത്തിലാകട്ടെ നിപ ആശങ്ക ഏതാണ്ട് പൂർണമായും ഒഴിയുന്നുവെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പറയുന്നത്. പന്ത്രണ്ട് വയസുകാരൻ നിപ ബാധിച്ചു മരിച്ച കോഴിക്കോട് പാഴൂരിൽ നിന്ന് കഴിഞ്ഞ ദിവസം ശേഖരിച്ച 15 സാമ്പിളുകൾ കൂടി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട്ട് നിന്ന് മൃഗസംരക്ഷണ വകുപ്പ് ഭോപ്പാലിലെ ലാബിലേക്ക് അയച്ച വവ്വാലുകളുടേയും ആടുകളുടേയും സ്രവസാമ്പിളുകളിൽ നിപ ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
Discussion about this post