ചെന്നൈ: നടന്‍ രജനീകാന്തിന്റെ കട്ടൗട്ടില്‍ ആടിനെ കൊന്ന് രക്തം ഒഴിച്ച ആരാധകരുടെ നടപടിയില്‍ താരത്തിന്റെ പേരില്‍ പോലീസില്‍ പരാതി. രജനീകാന്തിനെതിരേ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. അഭിഭാഷകനായ തമിഴ്വേന്ദനാണ് സ്റ്റൈല്‍ മന്നനെതിരെ പരാതി നല്‍കിയത്.
അടുത്തിടെ ‘അണ്ണാത്തെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയപ്പോള്‍ ആരാധകര്‍ ആടിനെ കൊന്ന് അതിന്റെ രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചുവെന്ന് തമിഴ്വേന്ദന്റെ പരാതിയില്‍ പറയുന്നു. ക്രൂരമായ ഈ പ്രവൃത്തി സ്ത്രീകളിലും കുട്ടികളിലും ഭയം ജനിപ്പിച്ചു. സംഭവം മാധ്യമങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടുവെങ്കിലും നടപടിയെ അപലപിക്കുന്നതിനുപകരം രജനീകാന്ത് മൗനം പാലിച്ചു. ഇതിനാല്‍ രജനീകാന്തിനെതിരേ നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
ക്ഷേത്രങ്ങളിലും ഇറച്ചിക്കടകളിലും മറ്റും ജീവികളെ കൊല്ലുന്നതിന് പ്രത്യേക മറയുണ്ട്. എന്നാല്‍, രജനീകാന്തിന്റെ ആരാധകര്‍ പട്ടാപ്പകല്‍ നടുറോഡില്‍വെച്ചാണ് ആടിനെ കൊന്ന് ചോര കട്ടൗട്ടില്‍ ഒഴിച്ചത്. പ്രാകൃതമായ ഇത്തരം പ്രവൃത്തികള്‍ അനുവദിക്കരുത് -തമിഴ്വേന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായല്ല രജനി ആരാധകര്‍ മൃഗബലി നടത്തി സിനിമയുടെ ആഘോഷം നടത്തുന്നത്. എന്തിരന്റെ രണ്ടാം ഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ആടിനെ വെട്ടിയാണ് ആരാധകര്‍ ആഘോഷം നടത്തിയത്.