യുപി തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി നയിക്കും; ഒറ്റയ്ക്ക് മത്സരിക്കും; സഖ്യം ക്ഷണിച്ച് കോൺഗ്രസ്

ലഖ്‌നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി നയിക്കുമെന്ന് മുൻ കേന്ദ്ര മന്ത്രി സൽമാൻ ഖുർഷിദ്. സംസ്ഥാനത്ത് വിജയിക്കാൻ പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസ് കഠിനാധ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് പിന്നീട് വ്യക്തമാക്കുമെന്നും സൽമാൻ ഖുർഷിദ് അറിയിച്ചു.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം. സഖ്യത്തിന് താത്പര്യമുള്ളവരെ ഒപ്പം ചേരാൻ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ എന്തൊക്കെയാണെന്നത് ജനങ്ങളുമായി സംവദിച്ച് അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കിയ ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക് ഊന്നൽ നൽകുന്ന ഒന്നായിരിക്കും പ്രകടനപത്രിക എന്ന് മാത്രമേ ഇപ്പോൾ പറയാനാകുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാകും ബിജെപിയെ നയിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. 2017ൽ മികച്ച വിജയമാണ് സംസ്ഥാനത്ത് ബിജെപി നേടിയത്. 403 സീറ്റുകളിൽ 312 സീറ്റുകളിൽ ബിജെപി വിജയം നേടിയപ്പോൾ എസ്പിക്ക് 47 സീറ്റും ബിഎസ്പിക്ക് 19 സീറ്റുമാണ് ലഭിച്ചത്. വെറും ഏഴിടത്ത് മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞത്.

Exit mobile version