ന്യൂഡല്‍ഹി: രാജ്യത്തെ ഏതു കംപ്യൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും വിവരം ചോര്‍ത്താനുള്ള ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് ഉത്തരവില്‍ വ്യക്തതയുമായി ആഭ്യന്തരമന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അനുമതി കൂടാതെ നിരീക്ഷണം നടത്താനാകില്ലെന്നാണു മന്ത്രാലയം ഇപ്പോള്‍ അറിയിച്ചിരുന്നുന്നത്.
നിരീക്ഷണത്തിനുള്ള തങ്ങളുടെ അധികാരം മറ്റൊരു ഏജന്‍സിക്കും നല്‍കിയിട്ടില്ല. രാജ്യത്തിന്റെ സുരക്ഷ-രഹസ്യാന്വേഷണ ഏജന്‍സികളെ വലിയ തോതിലുള്ള നിരീക്ഷണത്തിന് സജ്ജമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞു.
2000ലെ ഐടി ആക്ട് അനുസരിച്ച് ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. കൂടുതല്‍ അധികാരങ്ങളൊന്നും പുതിയ വിജ്ഞാപനം പ്രകാരം നല്‍കിയിട്ടില്ല. ടെലഗ്രാഫ് ആക്ടില്‍ നിലനില്‍ക്കുന്ന കാര്യങ്ങളും മറ്റുമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇപ്പോള്‍ നടത്തിയത് ടെലിഗ്രാഫ് ആക്ടിന്റെ പുനഃപരിശോധനയായിരുന്നെന്നും സര്‍ക്കാര്‍ അറിയിച്ചു.
പൗരന്മാരുടെ ഡേറ്റ പരിശോധിക്കാനും നിരീക്ഷിക്കാനും വിവരങ്ങള്‍ പിടിച്ചെടുക്കാനുമുള്ള അധികാരമാണു വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയിരുന്നത്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികളില്‍നിന്നുള്‍പ്പെടെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. ഭരണഘടന, ജനാധിപത്യ വിരുദ്ധവും മൗലികാവകാശങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റവുമാണെന്നുമുള്ള അഭിപ്രായമുയര്‍ന്നു. ഇതേത്തുടര്‍ന്നാണ് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post