‘കൊല്‍ക്കത്ത മേല്‍പ്പാലത്തിന്റെ ചിത്രം വെച്ച് വികസന നേട്ടങ്ങളെന്ന വ്യാജേന യോഗിയുടെ പരസ്യം’; പൊളിച്ചടുക്കി കൈയ്യില്‍ക്കൊടുത്ത് സോഷ്യല്‍മീഡിയ, ബിജെപിയെ രൂക്ഷമായി പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

ലഖ്‌നൗ: കൊല്‍ക്കത്തയിലെ മേല്‍പ്പാലത്തിന്റെ ചിത്രമെടുത്ത് ഉത്തര്‍പ്രദേശിലെ വികസന നേട്ടങ്ങളെന്ന വ്യാജേന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രത്തോടൊപ്പം പരസ്യം. സംഭവത്തില്‍ ബിജെപിയെ രൂക്ഷമായി പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. സോഷ്യല്‍മീഡിയയില്‍ ട്രോളുകളും നിറയുകയാണ്.

കൊല്‍ക്കത്തയിലെ മേല്‍പ്പാലത്തിനൊപ്പം യോഗിയുടെ ചിത്രവും വെച്ചുകൊണ്ടുള്ള പരസ്യമാണ് ബിജെപി മാധ്യമങ്ങളില്‍ നല്‍കിയത്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യോഗി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്ന പേരില്‍ വ്യാജ പ്രചരണങ്ങളുമായി ബിജെപി സര്‍ക്കാര്‍ രംഗത്തെത്തിയത്.

എന്നാല്‍ മേല്‍പാലം കൊല്‍ക്കത്തയില്‍ മമത സര്‍ക്കാര്‍ നിര്‍മിച്ച ‘മാ ഫ്ലൈഓവര്‍’ ആണെന്ന് ട്വിറ്ററാറ്റി കണ്ടെത്തുകയായിരുന്നു. മേല്‍പ്പാലത്തിനടുത്തായി കാണുന്നത് കൊല്‍ക്കത്തയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബിജെപിയെ പരിഹസിച്ച് തൃണമൂല്‍ രംഗത്തെത്തിയത്.

ചിത്രം കൊല്‍ക്കത്ത മേല്‍പ്പാലത്തിന്റേതാണെന്ന് വ്യക്തമാക്കിയ തൃണമൂല്‍ നേതാക്കള്‍ യോഗിയുടെ ‘ഡബിള്‍ എന്‍ഞ്ചിന്‍ മോഡല്‍’ പരാജയപ്പെട്ടെന്നും അഭിപ്രായപ്പെട്ടു. ബിജെപിയുടെ വ്യാജ പ്രചരണത്തിന് പിന്നാലെ വന്‍ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ യോഗി സര്‍ക്കാരിനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

Exit mobile version