ബംഗളൂരു: പത്തുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയതിന് ശേഷം കാണാനില്ലെന്ന് പരാതി നൽകിയ അമ്മയും കാമുകനും ഇവരുടെ ഒരു സുഹൃത്തും അറസ്റ്റിലായി. ബംഗളൂരു മൈക്കോ ലേഔട്ട് പോലീസാണ് യുവതിയുടെ പരാതിക്ക് പിന്നാലെ അന്വേഷണം നടത്തുകയും കൊലപാതകം കണ്ടെത്തി പ്രിതകളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് ഭയന്നാണ് കുട്ടിയെ ഇവർ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലയ്ക്കുശേഷം ആറുമാസം കഴിഞ്ഞാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്മ പോലീസിൽ പരാതി നൽകിയത്.
പരാതി നൽകാനെത്തുമ്പോൾ കാമുകനും സുഹൃത്തായ യുവതിയും ഇവർക്കൊപ്പമുണ്ടായിരുന്നു. കുട്ടിയെ കാണാതായി മാസങ്ങൾ കഴിഞ്ഞാണ് പരാതി നൽകിയതെന്നതും ഇവരുടെ പെരുമാറ്റവുമാണ് പോലീസിന്റെ സംശയത്തിനിടയാക്കിയത്. തുടർന്ന് രണ്ടാഴ്ചയോളം ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു പോലീസ്.
ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു കുട്ടിയുടെ അമ്മ. ഇതിനിടെ സമീപവാസിയായ യുവാവുമായി അടുപ്പത്തിലാവുകയും ബന്ധത്തിന് അനിഷ്ടം പ്രകടിപ്പിച്ച കുഞ്ഞിനെ കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞദിവസം അമ്മയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി ഏഴിന് കുട്ടിയുടെ മൃതദേഹം തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ ബരഗൂരുവിൽനിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കുട്ടിയെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിരുന്നില്ല.
കൊല്ലപ്പെട്ട കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായിരുന്നെന്നാണ് തമിഴ്‌നാട് പോലീസിന്റെ റിപ്പോർട്ട്. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ പാടുകളും വായിൽ മുളകുപൊടിയും പോലീസ് കണ്ടെത്തിയിരുന്നു.