വിവരം ചോര്‍ത്തല്‍ ഉത്തരവ്: ഇന്ത്യയെ പോലീസ് നിയന്ത്രണ രാജ്യമാക്കിയാലും താങ്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല; മോഡിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: രാജ്യത്തെ കമ്പ്യൂട്ടറുകളില്‍ നിന്ന് വിവരം ചോര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയെ പോലീസ് നിയന്ത്രണത്തിലുള്ള രാജ്യമാക്കിയാലും മോഡിക്ക് തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ലെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

‘ഇന്ത്യയെ പോലീസ് നിയന്ത്രണത്തിലുളള രാജ്യം ആക്കിയാലും താങ്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല മോഡിജി, എത്ര അരക്ഷിതനായ ഏകാധിപതിയാണെന്ന് താങ്കളെന്ന് ജനങ്ങളെ കാണിച്ചു കൊടുക്കാനേ ഇത് സഹായിക്കൂ ‘രാഹുല്‍ ട്വീറ്റ് ചെയ്തു.

അതേസമയം, രാജ്യസുരക്ഷയ്ക്കായാണ് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യ സുരക്ഷയ്ക്കായുള്ള നടപടി തുടരുമെന്നും ഉത്തരവില്‍ ആശങ്ക വേണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. എല്ലാ കമ്പ്യൂട്ടറും ഫോണും ചോര്‍ത്തില്ല. അതാത് കാലത്ത് രാജ്യസുരക്ഷ ഉറപ്പാക്കാന്‍ ചില ഏജന്‍സികളെ നിരീക്ഷണത്തിന് ചുമതലപ്പെടുത്താറുണ്ട്. 2009ല്‍ യുപിഎ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ആവര്‍ത്തിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തതെന്ന് അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ പറഞ്ഞു.

രാജ്യസുരക്ഷയുടെ ഭാഗമായി കമ്പ്യൂട്ടറുകളില്‍ നിന്നും മൊബൈല്‍ ഫോണുകളില്‍ നിന്നും വിവരം ചോര്‍ത്താനുള്ള ഉത്തരവാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്.

Exit mobile version