ചെന്നൈ: ഹോട്ടലിൽനിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരിക്ക് ദാരുണമരണം. തിരുവണ്ണാമലൈ ജില്ലയിലെ ആരണിയിൽ ആണ് സംഭവം. ഇതേ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഇരുപതിലധികം പേരെ ഛർദിയും വയറിളക്കവും മറ്റ് ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരണി പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള സെവൻ സ്റ്റാർ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച ലക്ഷ്മി നഗർ സ്വദേശി ആനന്ദന്റെ മകൾ ലോഷിണിയാണ് (10) മരിച്ചത്. ഇവർ ഹോട്ടലിൽ നിന്നും ബിരിയാണിയും തന്തൂരി ചിക്കനുമാണ് കഴിച്ചത്.
ശേഷമ വീട്ടിലെത്തിയപ്പോൾ കുട്ടിക്ക് ഉൾപ്പടെ ഛർദിയും തലകറക്കവുമുണ്ടായി. ഉടൻ ആരണി സർക്കാർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേ മരിച്ചു. ആനന്ദ് (46) ഭാര്യ പ്രിയദർശിനി (40), മൂത്തമകൻ ശരൺ (14) എന്നിവരെ വിദഗ്ധചികിത്സയ്ക്കായി വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നാൽപതോളം പേർക്ക് ശാരീരികാസ്വസ്ഥതകളുണ്ടായി. ഇവരിൽ ഇരുപതോളം പേരെ ആരണി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലർ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി. റവന്യൂ അധികൃതരും പോലീസും ഹോട്ടലിൽ പരിശോധന നടത്തി.
ഇവിടെനിന്ന് പാചകത്തിനായി സൂക്ഷിച്ചിരുന്ന 15 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത് ഹോട്ടൽ മുദ്രവെച്ചു. ഹോട്ടലുടമ അംജദ് ബാഷ (32), പാചകക്കാരൻ മുനിയാണ്ടി(35) എന്നിവരെ ആരണി ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post