റായ്പൂര്‍ : ബ്രാഹ്മണര്‍ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ അച്ഛന് നന്ദകുമാര്‍ ഭാഗേലിന് ജാമ്യം ലഭിച്ചു. മൂന്ന് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യം.
സേവ് ബ്രാഹ്മണ് സമാജിന്റെ പരാതിയില്‍ സെപ്റ്റംബര്‍ ഏഴിനാണ് നന്ദകുമാര്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് കോടതി പതിനഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ നടന്ന ചടങ്ങില്‍ ബ്രാഹ്മണര്‍ വിദേശികളാണെന്നും അവരെ നാടുകടത്തണമെന്നുമുള്ള നന്ദകുമാറിന്റെ പരാമര്‍ശങ്ങളാണ് വിവാദമായത്.
ഗ്രാമങ്ങളില്‍ ബ്രാഹ്മണരെ പ്രവേശിപ്പിക്കരുതെന്നും അവരെ തിരിച്ച് വോള്‍ഗ നദിയുടെ തീരത്തേക്ക് അയക്കണമെന്നുമാണ് ഭാഗേല്‍ പറഞ്ഞത്.അച്ഛന്റെ പ്രസംഗത്തെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ തള്ളിക്കളഞ്ഞിരുന്നു. തന്റെ സര്‍ക്കാരിന്റെ കാലത്ത് ആരും നിയമത്തിന് മുകളിലല്ലെന്നും മുഖ്യമന്ത്രിയുടെ അച്ഛനായിരുന്നാലും ചെയ്തത് തെറ്റാണെങ്കില്‍ കര്‍ശന നടപടിയുണ്ടാവുമെന്നും ഭൂപേഷ് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു അറസ്റ്റ്.
നേരത്തെയും ബ്രാഹ്മണര്‍ക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ആളാണ് നന്ദകുമാര്‍ ഭാഗേല്‍. അജിത് ജോഗി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നന്ദകുമാര്‍ രചിച്ച ഒരു പുസ്തകം സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്.
Discussion about this post