ഷില്ലോങ്: രാജ്യത്തെ നടുക്കിയ മേഘാലയിലെ കല്‍ക്കരി ഖനി അപകടത്തില്‍ അകപ്പെട്ടവരെ ജീവനോടെ പുറത്തെടുക്കാനാകില്ലെന്ന് ദേശീയ ദുരന്ത പ്രതികരണ സേന. അപകടത്തില്‍പ്പെട്ട 14 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള സാധ്യത കുറവാണെന്നും ഉണ്ടായിരിക്കുന്നത് വലിയ ദുരന്തമാണെന്നും സേനയിലെ ഉദ്യോഗസ്ഥന് വ്യക്തമാക്കി.
അനധികൃത ഖനിയായതിനാല്‍ മുങ്ങല്‍ വിദഗ്ധരെ സഹായിക്കുന്നതിനായുള്ള മാപ്പില്ലാത്തത് വന്‍ തിരിച്ചടിയായിരിക്കുകയാണ്. വലിയ പമ്പുകള്‍കൊണ്ടുവന്ന് വെള്ളം വറ്റിക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഇതുവരെ സാധ്യമായിട്ടില്ല. 320 അടിയുള്ള ഷാഫ്റ്റ് ഇറക്കിയപ്പോള്‍ 70 അടി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഖനിക്ക് സമീപമുള്ള നദിയില്‍ വെള്ളം കയറി ഖനിയില്‍ വെള്ളവും കല്‍ക്കരിയും കലര്ന്നതിനാല് രക്ഷാപ്രവര്‍ത്തനം അസാധ്യമാകുമെന്നാണ് സേനയുടെ വിലയിരുത്തല്‍.
നിലവില്‍ എട്ട് മുങ്ങല്‍ വിദഗ്ധരാണ് ഉള്ളത്. 70 അടി താഴ്ചയിലാണ് വെള്ളം. കല്‍ക്കരി കെട്ടിനില്‍ക്കുന്നതിനാല്‍ 40 അടി താഴ്ചയില്‍ കൂടുതല്‍ പോകാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഒരാഴ്ചയായി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇനി വെള്ളം വറ്റിക്കണമെങ്കില്‍ ഒരുമാസമെടുക്കും. അതിനാല്‍ ഖനിയിലുള്ളവരെ ജീവനോടെ പുറത്തെടുക്കാനുള്ള സാധ്യത കുറവാണെന്നും ഉദ്യോഗസ്ഥന് പറയുന്നു.
Discussion about this post