റായ്പൂര്‍: നടിയെ കത്തിമുനയില്‍ നിര്‍ത്തി സിനിമയെ വെല്ലുന്ന മോഷണം. നടി അലംകൃത സാഹെയുടെ വീട്ടിലാണ് നട്ടുച്ചയ്ക്ക് ഞെട്ടിക്കുന്ന കവര്‍ച്ച നടന്നത്. താരത്തിന്റെ ഛത്തീസ്ഗഢിലെ വീട്ടില്‍ വച്ചാണ് സംഭവം. മോഷ്ടാക്കള്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും നടിയെ ബന്ദിയാക്കി വയ്ക്കുകയും ചെയ്തു.
കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയപ്പോള്‍ നടി മോഷ്ടാക്കളില്‍ നിന്ന് കുതറിയോടി മുറിയില്‍ കയറി വാതിലടച്ചു. എന്നാല്‍ സംഘത്തിലെ രണ്ടുപേര്‍ ബാല്‍ക്കണിയിലൂടെ നടിയുടെ മുറിയിലേക്ക് പ്രവേശിക്കുകയായിരുന്നു.
വീണ്ടും താരത്തിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയപ്പോള്‍ അലംകൃത കൈവശം ഉണ്ടായിരുന്ന ആറ് ലക്ഷം രൂപ മോഷ്ടാക്കള്‍ക്ക് നല്‍കി. കൂട്ടത്തിലൊരാള്‍ നടിയുടെ എടിഎം കാര്‍ഡ് എടുത്തുകൊണ്ടുപോയി 50000 രൂപ പിന്‍വലിക്കുകയും ചെയ്തു.
അതേസമയം, മോഷ്ടാക്കളിലൊരാളെ നടി തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. നഗരത്തില്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അലംകൃത താമസിക്കാനെത്തുന്നത്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. രണ്ട് ദിവസങ്ങളായി അവര്‍ ദൂരയാത്ര പോയിരിക്കുകയായിരുന്നു. അതിനിടെയാണ് പട്ടാപ്പകല്‍ മോഷണം അരങ്ങേറുന്നത്.
Discussion about this post