ചെന്നൈ : മതവിശ്വാസത്തിനുള്ള അവകാശത്തിനേക്കാള്‍ പ്രാധാന്യം ജീവിക്കാനുള്ള അവകാശത്തിനെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസ് സഞ്ചീവ് ബാനര്‍ജി, പി.ഡി ആദികേശവലു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.
തമിഴ്‌നാട്ടില്‍ വിനായകചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ വിനായകവിഗ്രഹങ്ങള്‍ വയ്ക്കുന്നതിനും ഘോഷയാത്ര നടത്തുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കോവിഡ് പ്രതിരോധമാനദണ്ഡപ്രകാരമായിരുന്നു ഇത്. വിലക്കിനെതിരെ ബിജെപിയും ഹിന്ദുമുന്നണി അടക്കമുള്ള ഹൈന്ദവസംഘടനകളും രംഗത്തെത്തി.ജനനന്മയെ കരുതിയാണ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളിയ കോടതി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജീവന് മതവിശ്വാസത്തേക്കാള്‍ പ്രധാന്യമുണ്ടെന്ന് അറിയിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. വീടുകളിലും തിരക്കില്ലാത്ത ക്ഷേത്രങ്ങളിലും വിഗ്രഹം വയ്ക്കുന്നതിനും പൂജകള്‍ നടത്തുന്നതിനും അനുമതിയുണ്ടെന്നും അറിയിച്ചു. അഞ്ച് പേര്‍ വീതമുള്ള സംഘങ്ങളെ വിഗ്രഹവുമായി ഘോഷയാത്ര നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശി എല്‍ ഗണപതിയാണ് കോടതിയെ സമീപിച്ചത്.
വിനായകചതുര്‍ഥി ആഘോഷത്തിന് അനുമതി തേടിയുള്ള മറ്റൊരു ഹര്‍ജിയും കോവിഡ് മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്ന് കാട്ടി ഇതേ ബെഞ്ച് തള്ളിയിരുന്നു.
Discussion about this post