രീദാബാദ്: ഡൽഹിയിലെ സിവിൽ ഡിഫൻസ് ജീവനക്കാരിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ കേസിലെ പ്രതിയെ ഫരീദാബാദ് പോലീസിന് കൈമാറി. ഓഗസ്റ്റ് 26നാണ് ഡൽഹി സിവിൽ ഡിഫൻസ് ജീവനക്കാരിയായ റാബിയ(21)യെ സഹപ്രവർത്തകനായ നിസാമുദ്ദീൻ ദാരുണമായി കൊലപ്പെടുത്തിയത്. യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കി ഫരീദാബാദിലെ സൂരജ്കുണ്ഡിലെ വനമേഖലയിൽ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേദിവസം നിസാമുദ്ദീൻ ഡൽഹിയിലെ കാളിന്ദികുഞ്ച് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി.
ഡൽഹി പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷമാണ് പ്രതിയെ ഫരീദാബാദ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ വരുന്ന മൂന്നുദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. കൊലപാതകം സംബന്ധിച്ച കൂടുതൽ ചോദ്യംചെയ്യലും തെളിവെടുപ്പും പോലീസ് നടത്തും. അതിനിടെ, കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഫരീദാബാദ് പോലീസ് കമ്മീഷണർ വികാസ് അറോറ മാധ്യമങ്ങളെ അറിയിച്ചു.
താൻ റാബിയയെ കൊലപ്പെടുത്തിയെന്നും മൃതദേഹം സുരജ്ഖുണ്ഡിൽ ഉപേക്ഷിച്ചെന്നും ഇയാൾ തന്നെയാണ് പോലീസിനോട് വെളിപ്പെടുത്തിയത്. റാബിയയെ താൻ വിവാഹം കഴിച്ചതായും പ്രതി അവകാശപ്പെട്ടു. തുടർന്ന് കൊലക്കുറ്റം ഉൾപ്പെടെ ചുമത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് ഫരീദാബാദ് ഡിസിപി ഡോ.അൻഷു സിങ്‌ല കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലൈംഗികാതിക്രമം നടന്നതായി പരാമർശിച്ചിട്ടില്ല. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ദേഹമാസകലം മുറിവേൽപ്പിച്ചിട്ടുണ്ട്.
അതേസമയം, യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. നിസാമുദ്ദീനുമായി വിവാഹം കഴിഞ്ഞവിവരം തങ്ങൾക്കറിയില്ലെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
Discussion about this post