കോവിഷീൽഡ് വാക്‌സിനിലും വ്യാജൻ; ജാഗ്രത കാണിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

ഡൽഹി: അന്താരാഷ്ട്രവിപണിയിൽ കോവിഷീൽഡ് വാക്‌സിന്റെ വ്യാജപതിപ്പ് കണ്ടെത്തുകയും യുഎൻ അടക്കം മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. വ്യാജന്മാരെ പെട്ടെന്നുതന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ഘടകങ്ങളടങ്ങിയ പട്ടികയും പുറത്തുവിട്ടു.

രാജ്യത്ത് നിലവിൽ ഉപയോഗത്തിലുള്ള മൂന്ന് വാക്‌സിനുകളായ കോവിഷീൽഡ്, കൊവാക്‌സിൻ, സ്പുട്‌നിക്‌വി എന്നിവയെ വ്യാജന്മാരിൽനിന്ന് പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഘടകങ്ങളാണ് കേന്ദ്രആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇവയുടെ ലേബൽ, കളർ തുടങ്ങിയവ ഉൾപ്പെടെയുള്ള ഘടകങ്ങൾ നിരീക്ഷിച്ചാണ് തിരിച്ചറിയാൻ നിർേദശിച്ചിട്ടുള്ളത്.

രാജ്യത്ത് കോവിഷീൽഡ് വാക്‌സിന്റെ വ്യാജൻ പ്രചാരത്തിലുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് കേന്ദ്രസർക്കാർ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു.

ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും വ്യാജ കോവിഡ് വാക്‌സിനുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഡബ്‌ള്യുഎച്ച്ഒയും മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോവിഡ് മഹാമാരി പടരുന്നതിന് ഇനിയും ശമനമുണ്ടാകാത്ത ഘട്ടത്തിൽ വാക്‌സിനുകളുടെ വ്യാജന്മാർ വിപണിയിലെത്തുന്നത് രോഗികൾക്കും ലോകത്തെ ആരോഗ്യസംവിധാനത്തിനും കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്.

കോവിഷീൽഡ് വാക്‌സിനിന്റെ വ്യാജപതിപ്പെന്ന് സംശയിച്ച് പരിശോധനയ്ക്ക് നൽകിയപ്പോൾ അത് വ്യാജൻ തന്നെയാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version