ന്യൂഡല്‍ഹി; രാജ്യത്തെ ഏത് പൗരന്റെയും കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളുമടക്കം അനുമതിയില്ലാതെ നിരീക്ഷിക്കാം എന്ന ഉത്തരവിന് വന്നതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍.
രാജ്യസുരക്ഷയ്ക്കായാണ് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നതെന്നും, ഉത്തരവില്‍ ആശങ്ക വേണ്ടെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. എല്ലാ കമ്പ്യൂട്ടറും ഫോണും ചോര്‍ത്തില്ല. അതാത് കാലത്ത് രാജ്യസുരക്ഷ ഉറപ്പാക്കാന്‍ ചില ഏജന്‍സികളെ നിരീക്ഷണത്തിന് ചുമതല ഏര്‍പ്പെടുത്താറുണ്ട്.
2009ല്‍ യുപിഎ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ആവര്‍ത്തിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തതെന്ന് അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനാണ് കമ്പ്യൂട്ടര്‍ ചോര്‍ത്തുന്നതെന്ന് ഗുലാം നബി ആസാദ് ആരോപിച്ചു. രാജ്യത്തെ ഏത് കമ്പ്യൂട്ടറിലും കടന്ന് കയറാനും ഡാറ്റ നിരീക്ഷിക്കാനും വിവരങ്ങള്‍ പിടിച്ചെടുക്കാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചത്.
സംശയമുള്ള ആരുടെയും കമ്പ്യൂട്ടറുകളില്‍ അനുമതിയില്ലാതെ കടന്നുകയറി ഡാറ്റ പരിശോധിക്കാനും നിരീക്ഷണം നടത്താനും രാജ്യത്തെ 10 ഏജന്‍സികള്‍ക്ക് കഴിയും. ഈ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഏതു വിവരവും നല്‍കാന്‍ ഇതോടെ ഇന്റര്‍നെറ്റ് സേവന ദാതാക്കളും പൗരന്‍മാരും നിര്‍ബന്ധിതരാവും. ഇതോടൊപ്പം, പൗരന്‍മാരുടെ സ്വകാര്യതയില്‍ ഏതുവിധത്തിലും ഇടപെടാനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കഴിയും.
നിലവിലെ നിയമ പ്രകാരം ഒട്ടേറെ നൂലാമാലകളിലൂടെ കടന്നു പോയ ശേഷം മാത്രമേ ഇത് സാധ്യമാവുമായിരുന്നുള്ളൂ. ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ കമ്പ്യൂട്ടറുകള്‍ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു.