മുംബൈ : ആര്‍എസ്എസിനെ താലിബാനോട് ഉപമിച്ചതില്‍ മാപ്പ് പറയാതെ ജാവേദ് അക്തറിന്റെ ചിത്രങ്ങള്‍ രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ബിജെപി എംഎല്‍എ രാം കദം. ആര്‍എസ്എസ് നേതൃത്വത്തോടും പ്രവര്‍ത്തകരോടും ക്ഷമ ചോദിച്ചില്ലെങ്കില്‍ അക്തറിന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി.
താലിബാന് മുസ്ലിം രാഷ്ട്രം ആഗ്രഹിക്കുന്നതുപോലെ ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നവരും ഉണ്ടെന്നും ഇവരെല്ലാം ഒരേ ചിന്താഗതിക്കാരാണെന്നുമായിരുന്നു എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ പറഞ്ഞത്. “ഈ ആളുകള്‍ എല്ലാം ഒരേ ചിന്താഗതിക്കാരാണ്. അത് മുസ്ലിം ആകട്ടെ, ക്രിസ്ത്യന്‍ ആകട്ടെ, ജൂതനോ ഹിന്ദുവോ ആകട്ടെ. താലിബാന് പ്രാകൃതരും അവരുടെ പ്രവര്‍ത്തനങ്ങള്‍ അപലപനീയവുമാണ്. എന്നാല്‍ ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്ദള് എന്നിവയെ പിന്തുണയ്ക്കുന്നവരും ഇവരും ഒന്നുതന്നെയാണ്. ”
“ന്യൂനപക്ഷ സമുദായങ്ങളോട് ഇരു കൂട്ടര്‍ക്കും സ്നേഹമില്ല. സ്ത്രീകളെ വീടുകളില്‍ തളച്ചിടുക എന്നതാണ് ഇരു കൂട്ടരുടെയും ആഗ്രഹം. ഇരുവര്‍ക്കും നിയമവ്യവസ്ഥയ്ക്ക് മുകളിലാണ് അവര്‍ വിശ്വസിക്കുന്ന മതം. ഇവയൊക്കെ ചേര്‍ത്തുവായിക്കുമ്പോള്‍ ഇവര്‍ വ്യത്യസ്തരാകുന്നതെങ്ങനെ?” അഭിമുഖത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു.
ജാവേദ് അക്തറിന്റെ പ്രസ്താവന ലജ്ജാകരമാണെന്നും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് വേദനയുണ്ടാക്കുന്നതുമാണെന്നും അഭിപ്രായപ്പെട്ട രാം കദം പരാമര്‍ശം രേഖപ്പെടുത്തുന്നതിന് മുമ്പ് ഇപ്പോള്‍ ഭരണത്തിലിരിക്കുന്നത് ആരാണെന്ന് അദ്ദേഹം ചിന്തിക്കണമായിരുന്നുവെന്നും കുറ്റപ്പെടുത്തി. “ജാവേദ് അക്തറിന്റ പ്രസ്താവന ലജ്ജാകരമാണ്. മാത്രമല്ല, സംഘത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും കോടിക്കണക്കിന് പ്രവര്‍ത്തകര്‍ക്കും അവരുടെ ആശയങ്ങള്‍ പിന്തുടരുന്ന ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്കും വേദനാജനകവും അപമാനകരവുമാണ്. ഈ പരാമര്‍ശങ്ങള്‍ നടത്തുന്നതിന്, ഇതേ പ്രത്യയശാസ്ത്രമുള്ള ആളുകളാണ് ഇപ്പോള്‍ ഭരിക്കുന്നതെന്നും രാജധര്‍മ്മം നിറവേറ്റുന്നുവെന്നും അദ്ദേഹം ചിന്തിക്കണമായിരുന്നു.”
#संघ तथा #विश्वहिंदूपरिषद के करोडों कार्यकर्ताओ की, जब तक हाथ जोड़कर #जावेदअख्तर माफी नही मांगते. तब तक उनकी तथा उनके परिवार की कोई भी #फिल्म इस #माभारती के भूमि पर नहीं चलेगी. pic.twitter.com/ahWgVQWuvH
— Ram Kadam – राम कदम (@ramkadam) September 4, 2021
“താലിബാനെപ്പോലെയാണെങ്കില്‍ അദ്ദേഹത്തിന് ഈ പരാമര്‍ശങ്ങള്‍ നടത്താന്‍ കഴിയുമായിരുന്നോ? അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ എത്ര പൊള്ളയാണെന്നാണ് ഇത് കാണിക്കുന്നത്. പക്ഷേ അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിലൂടെ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വികാരത്തെ അദ്ദേഹം വ്രണപ്പെടുത്തി. അവരോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. രാജ്യത്തിനായി ജീവിതം സമര്‍പ്പിച്ച സംഘ പ്രവര്‍ത്തകരോട് കൈ കൂപ്പി മാപ്പ് പറയുന്നതുവരെ അദ്ദേഹത്തിന്റെ ഒരു സിനിമയും ഈ ഭാരതമണ്ണില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല.” രാം കദം വ്യക്തമാക്കി.
വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി യുവസംഘടന അക്തറിന്റെ വസതിയിലേക്ക് ശനിയാഴ്ച പ്രകടനം സംഘടിപ്പിച്ചിരുന്നു. ജാവേദ് അക്തറിന്റെ മനോനില തകരാറിലാണെന്നും ജനങ്ങളുടെ സൗഖ്യത്തിന് എല്ലാവിധ സാഹചര്യങ്ങളുമൊരുക്കുന്ന ആര്‍എസ്എസ് പോലൊരു സംഘടനയെ താലിബാനോട് ഉപമിച്ചതിന് മാപ്പ് പറയാതെ പ്രക്ഷോഭം അടങ്ങില്ലെന്നും സംഘടനാ നേതൃത്വം അറിയിച്ചു.
Discussion about this post